Wednesday, June 30, 2010

പ്രണയശേഷം. (കഥ)

സന്ധ്യയായി തുടങ്ങിയിരുന്നില്ല. എങ്കിലും മഴക്കാര്‍ മൂടി ആകാശം ഇരുണ്ടു തുടങ്ങിയിരുന്നു. ഉമ്മറപ്പടിക്കപ്പുറത്തു, ഒതുക്കിന്മേല്‍ ഒരു കാലും വെച്ച് രാഘവന്‍ നിലത്തു നോക്കി നിന്നു.

"ഞാന്‍ വരണില്ല. നിങ്ങള്‍ നില്‍ക്കണമെന്നില്ല"
വാതിലിന്റെ മറവില്‍ നിന്നും പുറത്തേക്കു നിന്നു സരോജിനി പറഞ്ഞു.

"ഞാന്‍ നിറുത്തി സരോ, ഞാനിപ്പോള്‍ കുടിക്കാറില്ല!"
രാഘവന്റെ മുഖത്തെ മാംസപേശികള്‍ വലിഞ്ഞു മുറുകിയിരുന്നു.

"അതിപ്പോള്‍ കിട്ടാത്തത് കൊണ്ടല്ലേ?"
ചിതലരിച്ചു തുടങ്ങിയ മച്ചിലേക്ക് നോക്കി അവള്‍ പറഞ്ഞു.

"അല്ല, ഞാന്‍ ശരിക്കും നിറുത്തി. പിറക്കാതെ പോയ നമ്മുടെ കുഞ്ഞാണെ സത്യം!"
അയാളുടെ മുഖം ദയനീയമായി. ശബ്ദത്തില്‍ തേങ്ങലിന്റെ ആദിരൂപങ്ങള്‍ ഞരങ്ങി.

സരോജിനിയുടെ ഉള്ളൊന്നു പിടഞ്ഞു. അടിവയറ്റില്‍ നിന്നും അസഹ്യമായ ഒരു വേദന ഉയര്‍ന്നു. ഓര്‍മ്മകളുടെ ചിമ്മിനി വെളിച്ചത്തില്‍ ചാരായത്തിന്റെ രൂക്ഷഗന്ധം. ലഹരിയില്‍ കൊഴുത്ത അട്ടഹാസം. വായുവില്‍ ഉയര്‍ന്നു താഴുന്ന ഒരു കാല്‍. ഒരു കുഞ്ഞു സ്വപ്നം കലങ്ങി ഒഴുകിയ രക്തം...

ഉണര്‍ന്നു വന്ന തേങ്ങല്‍ സ്വയമടക്കി അവള്‍ തറപ്പിച്ചു പറഞ്ഞു.
"ഇല്ല നിങ്ങള്‍ എന്ത് പറഞ്ഞാലും ഞാന്‍ വരില്ല.
കുറേക്കാലം ഞാന്‍ സഹിച്ചതല്ലെ?
ഇപ്പോള്‍ എനിക്ക് കുറച്ചു സ്വസ്ഥതയുണ്ട്."

"മോളെ ആരാത്?"
അകത്തു നിന്നും ഞരക്കത്തോടെ അമ്മയുടെ ശബ്ദം.

"ആരൂല്യ, നിങ്ങള് മിന്ടാതിരുന്നാ മതി."
അവള്‍ എന്തിനെന്നില്ലാതെ അമ്മയോട് ദേഷ്യപെട്ടു.
പിന്നെ അയാളെ നോക്കി പറഞ്ഞു
"ഇവരെയെല്ലാം ഉപേക്ഷിച്ചു എനിക്ക് വരാന്‍ കഴിയില്ല!"

"ഒരിക്കല്‍ ഇവരെയെല്ലാം ഉപേക്ഷിച്ചു എന്‍റെ കുടിലിലേക്ക് വന്നതാണ്‌."
മുളങ്കന്പുകള്‍ വെച്ചുകെട്ടിയ ഇല്ലിപടിയിലെക്കും ശൂന്യമായ തൊഴുത്തിലേക്കും നോക്കി കൊണ്ടു അയാള്‍ പറഞ്ഞു.

"അന്നെനിക്ക് ഉപേക്ഷിക്കാന്‍ ഇവരുടെ സമ്പത്തും പ്രതാപവും ഉണ്ടായിരുന്നു.
ഇന്നിവിടെ ദാരിദ്ര്യവും രോഗങ്ങളും മാത്രമേ ഉള്ളൂ"

പ്രതാപം കത്തി നിന്ന തറവാട്ടിന്റെ മുറ്റത്ത്‌ വന്നു നിന്ന് തന്റേടത്തോടെ തന്നെ ജീവിതത്തിലേക്ക് ക്ഷണിച്ച കരുത്തനായ യുവാവ്‌, ഇന്ന് മദ്ധ്യവയസ്കനായിരിക്കുന്നു.
ക്ഷീണം, പക്ഷെ ശരീരത്തിനല്ല, മനസ്സിനാണ്‌.

"കഴിഞ്ഞതെല്ലാം നീ മറക്കണം. ഒരു പുതിയ ജീവിതത്തിലെക്കാണ് ഞാന്‍ നിന്നെ വിളിക്കുന്നത്‌."
രാഘവന്റെ ശബ്ദം ഇടറി തുടങ്ങി.

അകത്തു നിന്നും അച്ഛന്‍ നിര്‍ത്താതെ ചുമക്കാന്‍ തുടങ്ങി.
"കേട്ടില്ലേ? ഈ അവസ്ഥയില്‍ ഇവരെ വിട്ടു ഒരു സ്വര്‍ഗത്തിലേക്കും ഞാനില്ല"
കരയുന്ന മുഖം കാണാതിരിക്കാന്‍ അവള്‍ തിരിഞ്ഞു നിന്നു.

രാഘവന്‍ എന്ത് പറയണമെന്നറിയാതെ കുഴങ്ങി.
ആ മനക്കരുത്തിന്റെ ആഴം അയാള്‍ക്ക് ശരിക്കും അറിയാമായിരുന്നു.
അയാള്‍ വേദനയോടെ തിരിച്ചു നടന്നു.

ഇല്ലിപ്പടിയും കടന്നു ഇരുട്ട് നിറഞ്ഞു തുടങ്ങിയ സന്ധ്യയിലേക്ക്‌ നടന്നകലുന്ന രാഘവനെ സരോജിനി കണ്‍ മറയുവോളം നോക്കിനിന്നു. പിന്നെ ഒരു നെടുവീര്‍പ്പിട്ടു കണ്ണീരും തുടച്ചു കൊണ്ടു അകത്തേക്ക് പോയി.

8 comments:

  1. Written in 1996.
    വളരെ പണ്ടു എഴുതിയത് ആണ്.
    കോളേജ് കഴിഞ്ഞ സമയത്ത്, ആദ്യമായി ഒരു ചെറുകഥ ശില്പശാലയില്‍ പങ്കെടുക്കാന്‍,
    യോഗ്യതക്കായ്‌ ഒരു കഥ എഴുതി അയക്കാന്‍ പറഞ്ഞു.
    അങ്ങിനെ തട്ടിക്കൂട്ടിയതാണ്.
    ശില്പശാലയെ കുറിച്ച് അറിയിച്ചു തന്നത് സഹപാഠിയായ ശ്രീ റഷീദ് കോട്ടപ്പാടം.
    അവര്‍ സെലക്ട്‌ ചെയ്തെങ്കിലും പങ്കെടുക്കാന്‍ കഴിഞ്ഞില്ല. :(

    ReplyDelete
  2. നല്ല വായന. തുടരുക

    ReplyDelete
  3. കഥ നന്നായിരുന്നു.
    ആശംസകൾ!

    ReplyDelete
  4. കഥ നന്നായിരുന്നു.

    ReplyDelete
  5. ശ്രീ ടോംസ്, അലി, noushu
    നന്ദി ഈ വായനക്ക്.

    ReplyDelete
  6. ...ഓര്‍മ്മകളുടെ ചിമ്മിനി വെളിച്ചത്തില്‍ ചാരായത്തിന്റെ രൂക്ഷഗന്ധം. ലഹരിയില്‍ കൊഴുത്ത അട്ടഹാസം. വായുവില്‍ ഉയര്‍ന്നു താഴുന്ന ഒരു കാല്‍. ഒരു കുഞ്ഞു സ്വപ്നം കലങ്ങി ഒഴുകിയ രക്തം...

    വരികള്‍ക്ക് വല്ലാത്ത തീവ്രത കലാം.
    കഥാ മനസ്സ് കൂടുതല്‍ വാചാലമാകട്ടെ!
    ആശംസകള്‍.

    ReplyDelete
  7. കഥ നന്നായിരുന്നു

    ReplyDelete
  8. വിനോത്,
    റഷീദ്
    വൈകിയ ഒരു നന്ദി.

    ReplyDelete