Tuesday, July 6, 2010

വെറുപ്പിന്റെ വിളവെടുപ്പ്അതെ,
അത് അവനാണ്,
അവന്‍ തന്നെയാണ്.

ഇന്നലെ,
കറുത്ത രാത്രിയുടെ
കനത്ത കമ്പിളി പുതപ്പണിഞ്ഞു വന്നവന്‍.

ഇരുളിന്റെ മറവില്‍
അവന്‍ ചെയ്തതെന്തെന്നറിയില്ല.

എങ്കിലും,
ചെയ്തത് അവനാകയാല്‍
അതൊരു ഘോരകൃത്യം
തന്നെ ആയിരുക്കുമെന്നുറപ്പാണ് .

അതെ,
അവനെ തന്നെയാണ് കൊല്ലേണ്ടത്.

അവന്റെ കൊലക്ക്,
അവന്‍ തന്നെയാണ് ഉത്തരവാദി.
അവന്‍, അവനാണെന്നതില്‍ കവിഞ്ഞ
മറ്റെന്തു കാരണമാണ് നമുക്ക് വേണ്ടത്?

ഇന്നലെ ഞങ്ങള്‍ ഇത് പറഞ്ഞിരുന്നു.
ഇന്നും ഇത് തന്നെ പറയുന്നു.
നാളെയും പറഞ്ഞു കൊണ്ടിരിക്കും.

അങ്ങിനെ നമ്മുടെ
ഹൃദയങ്ങള്‍ തിളക്കട്ടെ.

തിളച്ചു, തിളച്ചു, തിളച്ചു,
കനിവിന്റെ അവസാനത്തെ
നനവും വറ്റിയാല്‍...
പിന്നെ,
പുകഞ്ഞു കരിയാന്‍ തുടങ്ങും.

കരി പിടിച്ച ഹൃദയങ്ങള്‍
നിര നിരയായി ജാഥ നടത്തുന്നത്,
എത്ര മനോഹരം!

ആഘോഷിക്കുക,
വെറുപ്പിന്റെ വിളവെടുപ്പ് കാലമായി...

19 comments:

 1. ആഘോഷിക്കുക,
  വെറുപ്പിന്റെ വിളവെടുപ്പ് കാലമായി...

  ReplyDelete
 2. നന്നായിരിക്കുന്നു, കലാം. തീവ്രമായ നിസ്സഹായത ഫീൽ ചെയ്യുന്നു!

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. മുകില്‍,
  സഗീര്,
  ‍നന്ദി.

  ReplyDelete
 5. നന്നായിരിക്കുന്നു.........

  ReplyDelete
 6. എന്താണെന്ന് പറയേണ്ടത് എന്നറിയില്ല കലാം ജി... ഇതെവിടെയെത്തും എന്നൊരു പിടിയുമില്ല... എന്റെ സങ്കടം ഇതിനിടയില്‍ പെട്ടുപോകുന്ന സാധാരണ മനുഷ്യന്റെ ഗതിയെ കുറിചോര്‍ത്താണ്..

  ReplyDelete
 7. നമ്മേപ്പോലുള്ള സാധാരണക്കാരുടെ നിസ്സഹായതയുടെ നേര്‍ചിത്രം. നന്നായി.

  ReplyDelete
 8. നമ്മേപ്പോലുള്ള സാധാരണക്കാരുടെ നിസ്സഹായതയുടെ നേര്‍ചിത്രം. നന്നായി.

  ReplyDelete
 9. എന്താ പറയാ കലാം...
  ഞെട്ടലോടെ മാത്രം കേട്ട ആ വാര്‍ത്ത‍.
  സങ്കടത്തോടെ കണ്ട രംഗങ്ങള്‍.
  നന്മ വറ്റിപ്പോയ മനസ്സുകളായിരിക്കുന്നു അവര്‍;
  ശ്രേഷ്ഠമായ മതത്തിന്‍റെ വക്താക്കളയിരുന്നിട്ടും!
  ഈ വിഷയത്തില്‍ ഞാനും ചെറുതായി കുത്തിക്കുറിച്ചിരുന്നു അതിന്‍റെ പ്രകാശനം നിന്‍റെ 'ഇട'ത്തിലാകട്ടെ....

  ഒരു
  കാര്യമുറപ്പാണ്
  ആ കൈ
  വല്ലാത്തൊരു
  കൈയാണ്,
  ഒരൊന്നൊന്നര
  കൈ.

  ജനകോടികളുടെ
  ജീവന്‍റെ തുടിപ്പായ
  ദൈവദൂതന്‍റെ മേല്‍
  വിഷവചനങ്ങള്‍ക്ക്‌
  പിറവി
  നല്‍കിയ കൈ.

  പക്ഷെ..
  ആ കൈ
  മുറിച്ചെടുത്ത
  നിങ്ങളുടെ കൈകളെ
  എന്തൊരു
  പേര് വിളിക്കും!

  തെളിമയാര്‍ന്ന
  മതത്തിന്‍റെ
  മുഖത്ത്
  ചെളിവാരിയെറിഞ്ഞ
  കൈയെന്നോ.

  മാപ്പു കൊടുക്കലും
  വിട്ടുവീഴ്ച ചെയ്യലും
  മതത്തിന്‍റെ
  മുഖമുദ്രയെന്നോതിയ
  ലോകഗുരുവിന്റെ
  അധ്യാപനങ്ങളെ
  ചുട്ടെരിച്ച കൈയെന്നോ?.....

  ReplyDelete
 10. ജിഷാദ്, അനില്‍കുമാര്‍, റാസ്‌ നന്ദി.

  വര്‍മ്മാജി എവിടെയും അവര്‍, സാദാരണ മനുഷ്യര്‍, ആണ് പ്രയാസപ്പെടുക.
  നല്ല നാളെകള്‍ക്കു വേണ്ടി നമുക്ക് ഒന്നായ് പ്രാര്‍ത്ഥിക്കാം.

  റഷീദ് നന്ദി.
  കവിത കൊള്ളാം.
  അത് നിന്റെ ബ്ലോഗില്‍ ഇടൂ. ഇവിടെ കിടന്നാല്‍ ചിലപ്പോള്‍ ആരും കാണില്ല. :|

  ReplyDelete
 11. സത്യത്തില്‍ എന്ത് പറയണമെന്ന് അറിയില്ല.
  തീവ്രമായ സൌന്ദര്യം വിരിയിച്ച കവിത, നേര്‍ചിത്രം പോലെ.
  ആശംസകള്‍.

  ReplyDelete
 12. സലാഹ്,
  രാംജി,
  നന്ദി, ഈ വായനക്ക്.

  ReplyDelete
 13. ഹൃദയത്തെ സ്പര്‍ശിക്കുന്ന കാലിക പ്രസക്തമായ കവിത! മനോഹരം.
  'ചുടുനിണം കണ്ടറപ്പ് മാറിയവര്‍
  എന്‍ നിണത്തിനായി ദാഹിക്കുന്നവര്‍
  സ്വന്തം ചോരതാനതും എന്നറിയാത്തവര്‍
  കേഴുക കേരളമേ നിന്‍ മക്കളെയോര്‍ത്തു'

  ReplyDelete
 14. കമന്റിനു നന്ദി ജോമി,
  കൂടെ എഴുതിയ കവിത നന്നായി.

  ReplyDelete
 15. പ്രശസ്ത കവി സച്ചിദാനന്ദന്‍ എഡിറ്റ് ചെയ്ത് 'ഡി.സി. ബുക്സ്' പുറത്തിറക്കിയ "നാലാമിടം" എന്ന ബ്ളോഗ് കവിതകളുടെ സമാഹാരത്തില്‍ ഈ കവിത ഉള്‍പ്പെടുത്തിയിരിക്കുന്നു.
  ഡി.സീ.ബുക്സിനും കവി സച്ചിദാനന്ദനും നന്ദി.

  സന്തോഷം ഇവിടെ പങ്കുവെക്കട്ടെ.

  ReplyDelete
 16. സമകാലീകം ..നന്നായി കലാംജീ

  ReplyDelete