Tuesday, November 15, 2011

മഞ്ഞു കാലം വന്നില്ലെന്നാരാണ് പറഞ്ഞത്?


ഓരോ ചെറു കാറ്റിലും
പ്രതിഷേധം മുരണ്ട്
ഇളകിയാര്‍ത്ത
ഇലക്കൂട്ടങ്ങളെ,
കുടഞ്ഞെറിഞ്ഞു
തണുപ്പില്‍ നിശ്ശബ്ദം
വിറങ്ങലിച്ചു നില്‍ക്കുന്ന
വഴിയോരമരങ്ങള്‍.

മരിച്ചു വീഴുമ്പോഴും
വഴിമുടക്കാതിരിക്കാന്‍
വശങ്ങളിലേക്ക്
വലിച്ചു കെട്ടപ്പെട്ടവ..

ചില്ലകളില്‍ മഞ്ഞുറഞ്ഞ
വെളുത്ത രൂപങ്ങള്‍
ആത്മഹത്യ ചെയ്ത
കുടുംബാംഗങ്ങളെ പോലെ
തൂങ്ങിയാടുന്നു.

തൂമഞ്ഞു തൂകിയ
പ്രകൃതി,
ചോര വാര്‍ന്ന
ശവം പോലെ
വിളറി വെളുത്ത് .

സന്ധികളിലേക്ക്
അരിച്ചിറങ്ങുന്ന തണുപ്പ്..
നാക്ക് വളക്കാനാവാതെ,
മുഷ്ടികള്‍ ചുരുട്ടാനാവാതെ,
മരവിപ്പിക്കുന്ന തണുപ്പ്.

ഇരുന്നിരുന്നങ്ങിനെ
തണുത്തുറയുമ്പോള്‍
തിരിച്ചറിയാത്തതാവണം..

ഓരോ ശ്വാസത്തിലും
ഹൃദയത്തോളം തൊട്ടുവരുന്ന
തണുപ്പിന്റെ പൊള്ളല്‍.

എത്ര മരവിച്ചാലും
മരിച്ചു തീരും വരെ
മിടിക്കേണ്ടതിന്റെ ആളല്‍.

തലയോട്ടി പിളര്‍ന്നു
ഉള്ളിലെ അവസാനത്തെ
കനലിലും നനഞ്ഞിറങ്ങുന്ന മഞ്ഞ്..

എന്നിട്ടും..
എന്നിട്ടും..
മഞ്ഞു കാലം വന്നില്ലെന്നാരാണ് പറഞ്ഞത്?



ചിത്രം കടപ്പാട്: http://free-extras.com