Sunday, December 30, 2012

വാര്‍ത്തയാവും വരെ...


ഒരു ബസ്സില്‍ നിന്നും
ഒരു പെണ്‍കുട്ടി...

അല്ല,
പല ബസ്സുകളില്‍ നിന്നും
പല പെണ്‍കുട്ടികള്‍...

കടിച്ചു കീറി
വലിച്ചെറിയപ്പെടുന്നു...

റോഡരികില്‍,
നഗ്നരായി പിടയുന്നു...

നമ്മള്‍,
അതില്‍ ചവിട്ടാതെ,
തട്ടി മറിഞ്ഞു വീഴാതെ,
തിരിഞ്ഞു, തിരിഞ്ഞു നോക്കി പോവുന്നു.

വാര്‍ത്തയാവും വരെ...

വാര്‍ത്തകളിലേക്ക്
പിടഞ്ഞു വീഴാന്‍,
ഇരകളൊക്കെ
ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

വഴികളൊക്കെ ഇങ്ങിനെ
ശവങ്ങള്‍ കൊണ്ടു നിറഞ്ഞാല്‍
നമ്മള്‍ യാത്രക്കാരെന്തു ചെയ്യും?

വൃത്തിയും, വെടിപ്പുമുള്ള
വഴികള്‍ക്ക് വേണ്ടി,
നമ്മള്‍ സമരം ചെയ്യേണ്ട കാലം
അതിക്രമിച്ചിരിക്കുന്നു.

നമുക്കൊരു ഓണ്‍ലൈന്‍
കാമ്പയിന്‍ തുടങ്ങിയാലോ?

Tuesday, February 21, 2012

സ്ട്രോബെറിയുടെ മധുരം


രാവിലെ കടയിലേക്ക് ഇറങ്ങാന്‍ നേരത്താണ്, വടക്കേപുറത്തുള്ള ഇടുങ്ങിയ മുറിയിലേക്ക് അയാള്‍ ചെന്ന് നോക്കിയത്.
കട്ടിലില്‍ ഒരു മൂലയില്‍ അമ്മ കൂനിപ്പിടിച്ചിരിക്കുന്നു. മുഖം കേറ്റി, എന്തൊക്കെയോ പിറുപിറുത്തു കൊണ്ട്.
മുറിയില്‍ മൂത്രത്തിന്റെ രൂക്ഷമായ ഗന്ധം.
"നാശം, വീണ്ടും കിടക്കേല് മൂത്രമൊഴിച്ചാ... തള്ളേ, നിങ്ങള്ക്ക് ആ ബാത്‌റൂമില്‍ പോയി ഒഴിച്ച് കൂടെ, രണ്ടടി നടന്ന പോരെ,
എത്ര തവണ പറഞ്ഞതാണ്. വെറുതെ ഞങ്ങളെ കഷ്ടപ്പെടുത്താന്‍ വേണ്ടി ഓരോന്ന് ചെയ്യും." അയാള്‍ ഒച്ചയിട്ടു.

അവര്‍ കട്ടിലിന്റെ മൂലയിലേക്ക് ഒന്ന് കൂടി ഉള്‍വലിഞ്ഞു. പിറുപിറുക്കല്‍ ഉച്ചത്തിലായി.
"ഈ പണ്ടാരക്കാലന്‍, എന്നെ തല്ലാന്‍ വരുന്നു.."
"എത്ര കഷ്ടപ്പെട്ട് വളര്ത്തീതാ ഞാനവനെ "
"ഈശ്വരാ... ഇവിടെ കിടത്തി കഷ്ടപ്പെടുത്താതെ എന്നെയങ്ങ് വിളിച്ചൂടെ..?"

"അതിനു പകരമായിട്ടായിരിക്കും ഞങ്ങളെയിട്ടു കഷ്ടപ്പെടുത്തുന്നത്, അല്ലെ?" അയാള്‍ വീണ്ടും ഒച്ചയിട്ടു.
"ഇനി അവളുടെ വായിലിരി‍ക്കുന്നത് കൂടി ഞാന്‍ കേള്‍ക്കണം..."
"പോയി കുളിക്കു തള്ളേ, കുളിച്ചിട്ടു ഭക്ഷണം കഴിച്ചാല്‍ മതി." അയാള്‍ അവരെ കട്ടിലില്‍ നിന്നും ബലമായി താഴെ ഇറക്കി.
അവര്‍ പ്രാകി കൊണ്ടു പുറത്തെ കുളിമുറിയിലേക്ക് നടന്നു.

അയാള്‍ കിടക്കവിരിപ്പുകള്‍ അലക്കുകല്ലില്‍ വെച്ചു. കിടക്കയെടുത്തു വെയിലത്തിട്ടു.
അവളോട്‌ വിളിച്ചു പറഞ്ഞിട്ട് കടയിലേക്ക് പുറപ്പെട്ടു.

* * *

"സ്ട്രോബെറി എന്താ വില ?"
"കാല്‍ കിലോ എന്പതു "
"വില പിന്നേം കൂടിയാ?"
"പുറത്തു നിന്നും വരുന്നതല്ലേ, അവിടെ ഇപ്പോള്‍ സീസണ്‍ കഴിയാറായിട്ടുണ്ടാവും."
അടുത്ത സ്കൂളിലെ ടീച്ചര്‍ ആണ്. സ്കൂള്‍ വിട്ടു പോവുമ്പോള്‍ ഇടയ്ക്കു അയാളുടെ കടയില്‍ നിന്നും പഴങ്ങള്‍ വാങ്ങാറുണ്ട്.
അയാള്‍ ഒരു പാക്കറ്റ് സ്ട്രോബെറി എടുത്തു അവരുടെ കയ്യില്‍ കൊടുത്തു.
അവര്‍ അത് തുറന്നു സസൂക്ഷ്മം നോക്കി.
അതില്‍ നിന്നും ഒന്നെടുത്തു തിരിച്ചു കൊടുത്തു.
"ഇത് ചീഞ്ഞിരിക്കുന്നു."
അയാള്‍ അത് മേടിച്ചു, അല്പം പാകമേറിയിട്ടുണ്ട്, ഒരു ഭാഗം ഞെങ്ങുന്നുണ്ട്.
"ഇത് ചീഞ്ഞിട്ടൊന്നുമില്ല, ഇത്തിരി പഴുപ്പേറിയിട്ടെ ഉള്ളൂ."
അയാള്‍ മറ്റൊരു പാക്കില്‍ നിന്നും ഒരു സ്ട്രോബെറി എടുത്തു അവര്‍ക്ക് കൊടുത്തു.
പിന്നെ അവര്‍ തിരിച്ചു തന്ന പഴമെടുത്ത് പഴുപ്പേറിയ ഭാഗം കത്തി കൊണ്ടു മുറിച്ചെടുത്തു കഴിച്ചു.
ബാക്കി കഷ്ണം ടീച്ചര്‍ക്ക്‌ നേരെ നീട്ടി.
കഴിച്ചു നോക്കൂ... ഒരു കുഴപ്പവുമില്ല "

അവര്‍ മടിച്ചു മടിച്ചാണ് വാങ്ങിയത്.
"ഹായ് എന്ത് മധുരം! ഇതിനു ഇത്രേം മധുരമുണ്ടോ!"
"വെറുതെയല്ല കുട്ടികള്‍ ഇതിനു വേണ്ടി അടി കൂടുന്നത്."
കഴിച്ചു നോക്കിയപ്പോള്‍ അവര്‍ അറിയാതെ ആശ്ചര്യപ്പെട്ടു .

"അതെന്താ ടീച്ചറെ, ആദ്യമായിട്ട് സ്ട്രോബെറി കഴിക്കുന്ന പോലെ ?
ടീച്ചര്‍ എത്ര കാലമായി എന്റെ കടയില്‍ നിന്നും ഇത് വാങ്ങിക്കുന്നു !"

അവര്‍ ഒരു ചമ്മിയ ചിരി ചിരിച്ചു.
"വീട്ടില്‍ കുട്ടികള്‍ക്കിത് വല്യ ഇഷ്ടാ.
വില കൂടുതല്‍ ആയതോണ്ട് കുറച്ചേ വാങ്ങാറുള്ളൂ, അത് അവര്‍ക്ക് തന്നെ തികയാറില്ല.
അവരുടെ ഇഷ്ടം കാണുമ്പോള്‍ എനിക്ക് കഴിക്കാന്‍ തോന്നില്ല."
അയാള്‍ അത്ഭുതാദരങ്ങളോടെ അവരെ നോക്കി നിന്നു.

"ഞാന്‍ മാത്രമല്ല എല്ലാ അമ്മമാരും അങ്ങിനെയൊക്കെത്തന്നെ!"
അവര്‍ ചിരിച്ചു കൊണ്ടു യാത്ര പറഞ്ഞു.

അയാളുടെ ഉള്ളില്‍ എവിടെയൊക്കെയോ മഞ്ഞുകട്ടകള്‍ അലിഞ്ഞൊഴുകി.
ബാല്യത്തിന്റെ ഓര്‍മ്മകള്‍...
അച്ഛനെ കണ്ട ഓര്‍മ്മയില്ല...
കൂലിപ്പണിക്ക് പോയി തളര്‍ന്നു വരുന്ന അമ്മയടെ മുഖത്ത് കണ്ണീരും വിയര്‍പ്പും കലര്‍ന്നൊഴുകുന്നത് കാണാന്‍ ശ്രമിച്ചുമില്ല.
സമൃദ്ധമായ ദാരിദ്ര്യത്തിലും ഉണ്ണിയുടെ വയര്‍ മാത്രം നിറഞ്ഞു കിടന്നു.
അയല്പക്കത്തേക്ക് നോക്കി പുത്തന്‍ കുപ്പായത്തിനായി അവന്‍ വാശി പിടിച്ചു... അമ്മയോട് പിണങ്ങി...
അയാള്‍ കണ്ണ് തുടച്ചു.

 * * *

വീട്ടിലെത്തിയപ്പോള്‍ നേരം വൈകിയതിനു ഭാര്യ അയാളോട് ദേഷ്യപ്പെട്ടു,
"നിങ്ങള്‍ക്കൊന്നു വിളിച്ചു പറഞ്ഞു കൂടെ, ഒരു മൊബൈലും കയ്യില്‍ വെക്കില്ല...
നിങ്ങടെ അമ്മ ഒരു സ്വൈര്യവും തന്നില്ല, എന്റെ മോന് എന്ത് പറ്റിയാവോ എന്നും പറഞ്ഞു ആധി പിടിച്ചിരിക്കായിരുന്നു ."
അയാളുടെ ഉള്ളൊന്നു പിടഞ്ഞു. രാവിലെ വഴക്ക് പറഞ്ഞു പോയതാണ്. എന്നിട്ടും..

"അമ്മയെ ഇനി ആ മുറിയില്‍ കിടത്തേണ്ട, രാത്രി ഇരുട്ടത്ത്‌ പുറത്തെ ബാത്‌റൂമില്‍ ഒറ്റയ്ക്ക് പോവാന്‍ അമ്മക്ക് പറ്റില്ല "
"അതോണ്ടാ അമ്മ കിടക്കയില്‍ മൂത്രമൊഴിക്കുന്നത്. ഇനി ബാത്റൂം ഉള്ള മുറിയില്‍ കിടത്തിയാല്‍ മതി.
അയാള്‍ ഭാര്യയോടു ഒറ്റ ശ്വാസത്തില്‍ പറഞ്ഞു, കിതച്ചു.
"പിന്നെ എവിടെ കിടത്തും, ആകെ മൂന്നു മുറികളിലെ ബാത്റൂം ഉള്ളൂ, ഒന്നില്‍ നമ്മളും മറ്റൊന്നില്‍ കുട്ടികളും. പിന്നെ ഉള്ളത് ഗസ്റ്റ് റൂമല്ലേ "
"ഗസ്റ്റ് റൂമില്‍ ഇനി അമ്മയെ കിടത്താം.."
"അപ്പോള്‍ ആരെങ്കിലും വിരുന്നു വന്നാലോ ? അമ്മ അവിടെ ആകെ മുറുക്കി തുപ്പി വൃത്തികേടാക്കും."
'ഇയാള്‍ക്കിതെന്തു പറ്റി' എന്നാ മട്ടില്‍ അവള്‍ അയാളെ നോക്കി.

"വല്ലപ്പോഴും വരുന്ന വിരുന്നുകാരെക്കാള്‍ വലുത് അമ്മ തന്നെയാണ്."
"നാളെ നമ്മള്‍ ഈ അവസ്ഥയിലായാല്‍ നമ്മുടെ മക്കള്‍ നമ്മളോട് എങ്ങിനെ പെരുമാറണമെന്നാണു നീ ആഗ്രഹിക്കുന്നത് ?
"നമ്മുടെ മക്കള്‍.." അവളുടെ കണ്ണില്‍ ഒരു ഞടുക്കം ഉണര്‍ന്നു.
"നമ്മള്‍ കാണിച്ചു കൊടുക്കുന്നതല്ലേ അവരും ചെയ്യൂ.."
അവളെ ചിന്തകളില്‍ മേയാന്‍ വിട്ട് അയാള്‍ ഗസ്റ്റ് റൂമിലേക്ക്‌ പോയി.

ഗസ്റ്റ് റൂമില്‍ ആര്‍ക്കോ വേണ്ടി വൃത്തിയായി വിരിച്ചു വെച്ച ബെഡ്ഷീറ്റ് എടുത്തു മാറ്റി.
കടയടച്ചു വരുമ്പോള്‍ വാങ്ങിയ ഒരു റബ്ബര്‍ ഷീറ്റ് എടുത്തു കിടക്കയില്‍ വിരിച്ചു. പിന്നെ ബെഡ്ഷീറ്റ് വീണ്ടും വിരിച്ചു.
വലിയ ഒരു കോളാമ്പി കിടക്കകരികില്‍ വെച്ചു.
മുറിയില്‍ ഒരു ചന്ദനത്തിരി കത്തിച്ചു വെച്ചു.
ആ ഇടുക്ക് മുറിയിലെ നിയോണ്‍ വെളിച്ചത്തില്‍ നിന്നും, സുഗന്ധപൂരിതമായ ആ മുറിയിലെ ഫ്ലൂരസെന്റ്റ് വെളിച്ചത്തിലേയ്ക്കു കൊണ്ടു വന്നപ്പോള്‍,
അമ്മയുടെ മുഖത്ത് അമ്പരപ്പായിരുന്നു. അയാള്‍ അമ്മയെ ആ പതുപതുത്ത കട്ടിലില്‍ ഇരുത്തി. മടിച്ചു മടിച്ചാണ് ഇരുന്നത്.
അമ്മയുടെ മുഖത്ത് വല്ലാത്ത ഒരു സന്തോഷം പടര്‍ന്നു.
അയാള്‍ കയ്യിലുള്ള പൊതി അഴിച്ചു അമ്മയുടെ വായില്‍ ഒരു സ്ട്രോബെറി വെച്ചു കൊടുത്തു.
അമ്മ അതിന്റെ മധുരം നുണച്ചിറക്കുന്നത് അയാള്‍ നിര്‍വൃതിയോടെ നോക്കി നിന്നു.