Monday, November 23, 2009

ശവങ്ങള്‍ സംസാരിക്കാറില്ല!

മാണിക്യന്‍ ചത്തു!
അറുപതിന്റെ നിറവില്‍,
പ്രവാസത്തിന്റെ മുറിവില്‍,
മരുഭൂവിന്റെ കനിവില്‍,
വിറങ്ങലിച്ചു കിടന്നു.

ശവങ്ങള്‍ സംസാരിക്കാറില്ല!
തലച്ചോറ് പൊള്ളിച്ച പകലുകളില്‍,
തീക്കാറ്റ് വീശിയ രാവുകളില്‍,
വിയര്‍പ്പും കണ്ണീരും ചേര്‍ത്ത്,
ഉപ്പു കുറുക്കിയ,
കഥകള്‍ പറയാറില്ല.

എഴഴകാര്‍ന്ന തഞ്ചാവൂര്‍ പെണ്ണിന്റെ,
കണ്‍കാന്തങ്ങളെ കിനാവ് കണ്ടു,
കരഞ്ഞു തീര്‍ത്ത കാലത്തിന്റെ,
കണക്കുകള്‍ പറയാറില്ല.

ഇരുനില കട്ടിലിന്‍ മുകളില്‍ കിടന്നു,
ഇരുനില വീടിന്റെ നെഞ്ഞകത്തേക്ക്,
പ്രായത്തിന്റെ പ്രയാസങ്ങള്‍
പറഞ്ഞു കത്തയക്കാറില്ല.

ത്യാഗത്തിന്റെ നിറവില്‍,
സ്നേഹത്തിന്റെ മറവില്‍,
ഊറ്റിത്തീര്‍ന്ന കരുത്തില്‍
കണ്ണയക്കാറില്ല.

കണ്ണായ്‌ കരുതിയ
കണ്മണിപ്പൂക്കള്‍
പിണത്തില്‍ നിന്നും
പണമൂറ്റുമ്പോള്‍,
സാര്ത്ഥമാകുന്ന അനാഥത്വത്തെ,
തിരിച്ചറിയാറില്ല.

ആ ശവംതീനികള്‍ക്കെന്നെ
എറിഞ്ഞു കൊടുക്കല്ലേ,-
എന്നു കരഞ്ഞു പറയാറില്ല.


Written on 27-July-2009
മാണിക്യന്റെ കഥ പറഞ്ഞു കരയിപ്പിച്ച നജീമിന്, നന്ദി പറയുന്നില്ല.

Sunday, November 15, 2009

പച്ചക്കള്ളം

കരഞ്ഞുടഞ്ഞ ഒരു പെണ്ണും
വിളറി വെളുത്ത,
അവളുടെ കെട്ട്യോനും
നാളേറെയായി,
എന്റെ സ്റ്റേഷന്റെ തിണ്ണ നിരങ്ങുന്നു.

സ്ഥലത്തെ മാന്യന്മാരുടെ മക്കള്‍
അവളെ ബലാത്സംഗം ചെയ്തത്രേ!
കേസെടുക്കണമത്രേ!

പച്ചക്കള്ളമായിരിക്കും,
എനിക്കറിഞ്ഞൂടെ ആ പിള്ളേരെ,
ഏറിയാല്‍ ഒരു നേരമ്പോക്കിന്...

ഇനി പേടിക്കാനില്ല...
ഇന്നലെ സ്റ്റേഷനില്‍ വെച്ച്
അവര്‍ വിഷം കുടിച്ചു.
പെണ്ണ് കാഞ്ഞു പോയി.
കെട്ട്യോന്‍ കിടപ്പിലും.

സ്വസ്ഥം സമാധാനം.
സര്‍വ്വം ശുഭം!


Written on June 28th 2009.
ലോകസഭ തിരഞ്ഞെടുപ്പില്‍ മുങ്ങിപ്പോയ ഒരു വാര്‍ത്ത വായിച്ച വേദനയില്‍ ...
http://ibnlive.in.com/news/haryana-cops-ignore-rape-woman-kills-herself/91957-3.html?from=search-relatedstories

Tuesday, November 10, 2009

ഒട്ടകപന്തയം


ഉയര്‍ന്നു താഴ്ന്നും,
മുന്നോട്ടാഞ്ഞും,
കുതിച്ചു പായുമൊട്ടകക്കൂട്ടം.

ചാട്ടവാര്‍ വീശി,
ഒട്ടകപ്പുറത്ത്,
കവചമണിഞ്ഞ
കുറിയ രൂപങ്ങള്‍.

ആര്‍ത്തും പേര്‍ത്തും,
അറഞ്ഞു ചിരിച്ചും,
കറുത്ത പട്ട കെട്ടിയ
വെളുത്ത കുപ്പായക്കാര്‍.

ഇടക്കൊരു നൊടി,
നിലവിട്ടൊരൊട്ടകം
മറിഞ്ഞു വീഴുന്നു,
പാതയോരത്ത്.

തെറിച്ചു വീഴുന്നു,
പഴന്തുണിക്കെട്ട്‌ പോല്‍,
ചോരയില്‍ പൊതിഞ്ഞു,
കുറിയൊരാ രൂപം.

ഉരുണ്ടു വന്നപ്പോള്‍,
ഇരുണ്ടൊരു പയ്യന്‍.

ദാക്കയിന്‍ തെരുവില്‍ നിന്നും
പറിച്ചെടുത്ത ബാല്യം.
ഇരുണ്ട ഭൂതത്തില്‍
കരിഞ്ഞ വേരുകള്‍.
ഓര്‍മ്മകള്‍ ഉറയ്ക്കും മുന്‍പേ
കരകടത്തപ്പെട്ടവന്‍.

ഒട്ടകക്കൂട്ടില്‍
പട്ടിണി തിന്നവന്‍.
ഒട്ടകപ്പുറത്തിരുന്നു
വരിയുടഞ്ഞവന്‍.

മരുക്കോട്ടകളിലെ
ആധുനിക അടിമ.

ചുവപ്പും നീലയും തിളങ്ങി,
സ്ട്രെചെരില്‍ അവന്‍ മറഞ്ഞു.

ആര്‍പ്പുവിളികള്‍ വീണ്ടും,
പന്തയം കഴിഞ്ഞിട്ടില്ല!


Written on July 6th 2009

ബൂലോക കവിതയില്‍ പ്രസിദ്ധീകരിച്ചത്.

http://www.ansarburney.org/news/camel-jockeys.html
 
http://acr.hrschool.org/mainfile.php/0205/390/