Thursday, August 12, 2010

സുകൃതം

"കണ്ണുകള്‍ക്ക്‌ വേലി കെട്ടിയ പെണ്‍കുട്ടീ...
നിന്റെ കണ്ണിലെ വിഷാദ നീലിമ, എന്തിനെന്നെനിക്കറിയില്ല...
പക്ഷെ ഒന്നെനിക്കറിയാം,
അത് ഞാന്‍ ഇഷ്ടപെടുന്നുവെന്നു...
നിന്നെ ഞാന്‍ സ്നേഹിക്കുന്നുവെന്ന്...
........ "

ലഞ്ച് ബ്രേക്ക്‌ ആണ്.
സെക്കന്റ്‌ PDC യിലെ രവി ക്ലാസിനു പുറത്തു കാത്തു നില്‍ക്കുന്നുണ്ട്. അവനു അത്യാവശ്യമായി ഒരു പ്രേമലേഖനം വേണം. പകരം ഒരു സിനിമ ടിക്കറ്റ്‌ ഫ്രീ. ഞാന്‍ കാര്യമായി ഇരുന്നു എഴുതുകയായിരുന്നു. എന്റെ കയ്യക്ഷരം കണ്ടാല്‍ ഒരു പെണ്‍കുട്ടിയും വായിക്കില്ലെന്നു ഞാന്‍ അവനോടു പറഞ്ഞിരുന്നതാണ്. അവനു പക്ഷെ, പകര്‍ത്തി എഴുതി ഫോട്ടോകോപി എടുത്തു വിതരണം ചെയ്യാനാണത്രേ! കുറച്ചു സാഹിത്യവും കവിതയും പൈങ്കിളിയും ഒക്കെ സമാസമം മിക്സ്‌ ചെയ്തു വേണം തയ്യാറാക്കാന്‍. വായിക്കുന്നവള്‍ക്ക് മുഴുവന്‍ മനസ്സിലായി കൊള്ളണമെന്നില്ല, എന്നാലും ഭയങ്കര സംഭവം ആണെന്ന് തോന്നണം.

എങ്കിലും, ഏറെ നാളായി കരളില്‍ കൊളുത്തിപ്പോയ മിഴിയിണകള്‍ക്കായ് ഉള്ളില്‍ ഒളിപ്പിച്ചു വെച്ച വരികളാണ് അന്ന് അവനു കടം കൊടുത്തത്. അങ്ങിനെയെങ്കിലും അത് ആരെങ്കിലും വായിക്കട്ടെ.

അടുത്ത ബെഞ്ചില്‍ കിടന്നു ത്യാഗരാജന്‍ കടമ്മനിട്ടയുടെ 'കുറത്തി' ഉറക്കെ പാടുന്നു.
"നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്."

അവന്റെ പരുക്കന്‍ ശബ്ദത്തില്‍ അവന്‍ അങ്ങിനെ പാടുമ്പോള്‍ വല്ലാത്ത ഒരു ഉള്ക്കിടിലമാണ്. കാലങ്ങള്‍ക്കപ്പുറത്ത് നിന്നും ഏതോ കുറ്റബോധത്തിന്റെ വജ്രസൂചികള്‍ അവന്റെ കരുത്താര്‍ന്ന കറുപ്പില്‍ നിന്നും എന്റെ വിളറിയ വെളുപ്പിലേക്ക് പ്രവഹിക്കുന്ന പോലെ തോന്നും.

പെട്ടെന്നാണ് അവര്‍ കയറി വന്നത്.
ദിയയും നന്ദിനിയും. രണ്ടു പേരും എന്റെ ക്ലാസ്മേറ്റ്സ്. നന്ദിനി, പക്ഷെ, ഡിഗ്രി രണ്ടാം വര്ഷം തുടങ്ങിയിട്ട് ഇതുവരെ ക്ലാസ്സില്‍ വന്നിരുന്നില്ല. മൂന്നു മാസത്തോളം കാണാതായപ്പോള്‍ ഇനി ആ കുട്ടി വരില്ലെന്ന് തന്നെ എല്ലാവരും ഉറപ്പിച്ചു. അവള്‍ എന്നും ചൂടി വരുന്ന അരിമുല്ലപ്പൂക്കള്‍ പോലെ തന്നെ സുന്ദരിയായ നന്ദിനിയെ ക്ലാസ്സില്‍ എല്ലാവര്ക്കും ഇഷ്ടമായിരുന്നു. വല്ലാത്തൊരു നിഷ്കളങ്കതയാണ് ആ മുഖത്ത്. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും. എന്തെങ്കിലും കളിയാക്കി പറഞ്ഞാല്‍, പറഞ്ഞവന്‍ കുടുങ്ങി. ഒന്നും മനസ്സിലാവില്ല. സ്വതവേ വിടര്‍ന്ന കണ്ണുകള്‍ ഒന്ന് കൂടി വിടര്‍ത്തി അന്തം വിട്ടു നില്‍ക്കുന്നത് ക്ലാസ്സില്‍ പലപ്പോഴും നല്ല ചിരിക്കുള്ള വകയായിട്ടുന്ടു.

അവര്‍ കാണേണ്ട എന്നു കരുതി എഴുത്ത് മറച്ചു വെച്ചു.

"നന്ദിനിയുടെ വിവാഹമാണ്. നമ്മളെ ക്ഷണിക്കാന്‍ വന്നതാണ്‌."
ദിയയാണ് പറഞ്ഞത്.
നന്ദിനി എല്ലാവര്ക്കും ക്ഷണക്കത്ത് തന്നു.

NANDINI WEDS VENUGOPAL

എല്ലാവര്ക്കും അത്ഭുദമായിരുന്നു.
ഇത്ര നേരത്തെയോ?
അപ്പോള്‍ പഠനം?

അവള്‍ ചിരിച്ചു കൊണ്ടു നിന്നതെയുള്ളു. വിടര്‍ന്ന കണ്ണുകളില്‍ ചിരിയുടെ തിളക്കത്തിനപ്പുറം ഏതോ വിഷാദത്തിന്റെ നീല മേഘങ്ങള്‍ പെയ്യാതെ നിന്നിരുന്നു.

നന്ദിനി തിരിച്ചു പോയ ശേഷമാണ് ദിയ കാര്യങ്ങള്‍ പറഞ്ഞത്.
ദരിദ്രമായ ഒരു കുടുംബത്തിലെ മൂത്ത മകളാണ് നന്ദിനി. അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. അമ്മയുടെ ചെറിയ ജോലി കൊണ്ടാണ് കുടുംബം പുലരുന്നത്. താഴെ ഒരനിയനും അനിയത്തിയും ഉണ്ട്. മൂന്നു പേരെയും നല്ല പോലെ പഠിപ്പിക്കാന്‍ അമ്മക്ക് കഴിയുന്നില്ല. അനിയന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. നന്ദിനിയുടെ പഠനം നിന്നു. അങ്ങിനെയിരിക്കെയാണ്‌ നന്ദിനിക്ക് ഒരു വിവാഹാലോചന വന്നത്. ഒരകന്ന ബന്ധുവാണ്, ഗള്‍ഫ്കാരന്‍, വിഭാര്യന്‍. നന്ദിനിയെ കോളേജില്‍ പോകുമ്പോള്‍ കണ്ടിട്ടുണ്ട്. നന്ദിനിയുടെ അമ്മയെ തേടി ബ്രോകര്‍ വന്നു. അയാള്‍ക്ക് ഡിമാന്‍ഡ്സ് ഒന്നും ഇല്ലെന്നു മാത്രമല്ല, ആ കുടുംബത്തിന്റെ കാര്യം കൂടി അയാള്‍ നോക്കി കൊള്ളുമെന്നു ബ്രോകര്‍ പറഞ്ഞുവത്രേ. അനിയന്റെയും അനുജത്തിയുടെയും ഭാവി കൂടി അവളെ ആശ്രയിച്ചു നിന്നപ്പോള്‍ നന്ദിനിക്ക് സമ്മതിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

ക്ലാസ്സില്‍ നിന്നും എല്ലാവരും ഒന്നിച്ചാണ് കല്യാണത്തിന് പോയത്. പട്ടാമ്പിക്കടുത്തുള്ള സുന്ദരമായ ഒരു വള്ളുവനാടന്‍ ഗ്രാമം. പല ബസ്സുകള്‍ മാറിക്കേറിയുള്ള ആ യാത്ര നല്ല രസമായിരുന്നു. പട്ടാമ്പി പാലത്തിന്നു മുകളിലൂടെ കവിഞ്ഞൊഴുകുന്ന നിളയെ മുറിച്ചു കൊണ്ടുള്ള യാത്ര, കാമ്പസ്സിന്റെ ഓര്‍മ്മകളില്‍ ഇന്നും പച്ചപിടിച്ചു കിടക്കുന്ന ഒന്ന്.

താലികെട്ടിന്റെ സമയത്താണ് വരനെ കണ്ടത്. പകുതിയിലേറെ കഷണ്ടി, അത്ര സുന്ദരനൊന്നുമല്ലെങ്കിലും ആരോഗ്യമുള്ള ശരീരം. ഏതാണ്ട് നാല്പ്പതിനടുത്തു പ്രായം വരും. ഇരുണ്ട കഴുത്തില്‍ വിയര്‍പ്പിനൊപ്പം തിളങ്ങുന്ന തടിച്ച സ്വര്‍ണ്ണമാല, എന്ത് കൊണ്ടോ അസുഖകരമായ ഒരു കാഴ്ച പോലെ തോന്നി. ചുവന്ന പട്ടുസാരിയുടുത്തു, സ്വര്‍ണ്ണാഭരണവിഭൂഷിതയായ നന്ദിനി പതിവിലും സുന്ദരിയായിരുന്നു. എങ്കിലും പെയ്യാന്‍ മറന്നു പോയ വിഷാദ മേഘങ്ങള്‍ അപ്പോഴും അവളുടെ കണ്ണുകളില്‍ നീലിച്ചു നിന്നു.

തിരിച്ചു പോകുന്നതിനു മുന്പായി നന്ദിനിയുടെ അമ്മ വരനെ പരിചയപെടാന്‍ നിര്‍ബന്ധിച്ചു കൂട്ടികൊണ്ടു പോയി. എന്തോ, ആര്‍കും വലിയ താല്പര്യം തോന്നിയില്ല.

"ഹലോ ഫ്രണ്ട്സ്, ഐ ആം വേണുഗോപാല്‍"

കോളേജ് കുട്ടികളല്ലേ എന്ന് കരുതിയാവും അയാള്‍ ഇംഗ്ലീഷില്‍ സ്വയം പരിചയപ്പെടുത്തിയത്. ഞങ്ങള്‍ക്ക് ആ ഇംഗ്ലീഷ് അരോചകമായി തോന്നി. 'ജാഡ', അയാള്‍ കേള്‍ക്കാതെ ഞങ്ങള്‍ പരസ്പരം പറഞ്ഞു. ആള്‍ കുവൈറ്റില്‍ ആണ്. എണ്ണകിണറിലാണ് പണി. പണത്തിനു പഞ്ഞമുന്ടാവില്ല.

തിരിച്ചു പോരുമ്പോള്‍ എല്ലാവരും മൂകരായിരുന്നു. തന്റെ ഇരട്ടിയിലേറെ പ്രായമുള്ള ഒരാളുടെ കൂടെ ജീവിതം പകുക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യയായ ആ കൂട്ടുകാരി എല്ലാവരുടെ ഉള്ളിലും ഒരു വിങ്ങലായി നിറഞ്ഞു നിന്നു.

ഞങ്ങള്‍ ക്യാമ്പസ്‌ ജീവിതം ആഘോഷിക്കുമ്പോള്‍, പിന്നീട് പലപ്പോഴും നന്ദിനി ഓര്‍മ്മകളുടെ കയത്തില്‍ പൊന്തി വന്നു. പിന്നെ പതുക്കെ, പതുക്കെ ആഴങ്ങളിലേക്ക് എന്നന്നേക്കുമായി മുങ്ങി പോയി.

പഠനം കഴിഞ്ഞു ഓരോരുത്തരും പലവഴിക്ക് പിരിഞ്ഞു. കാലം കടന്നു പോയി. നിളാ നദി പിന്നെയും നിറഞ്ഞും മെലിഞ്ഞും ഒഴുകി കൊണ്ടിരുന്നു. ഇടയ്ക്കു മണല്‍ കുഴികളില്‍ അഴുക്കുവെള്ളമായി തളംകെട്ടി കിടന്നു. പിന്നെയും മലവെള്ളപ്പാച്ചിലില്‍ കുലംകുത്തി ഒഴുകി.

പിന്നീട് ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ പട്ടാമ്പി പാലം കയറി ഇറങ്ങിയത്‌. ബംഗ്ലൂരിലെ കമ്പനിയിലെ പട്ടാമ്പിക്കാരനായ സഹപ്രവര്‍ത്തകന്റെ കല്യാണത്തിന്. പാലത്തിനു താഴെ നിള ശാന്തയായ് ഒഴുകുന്നു. കണ്ണീരു പോലെ തെളിഞ്ഞ ജലം. ആ കൊച്ചു പട്ടണത്തിലെ വലിയ കല്യാണ മണ്ഡപം തന്നെയായിരുന്നു വേദി. അവിടെ വരനും സഹോദരനും കൂടി സ്വീകരിച്ചു സദസ്സില്‍ കൊണ്ടു പോയി ഇരുത്തി. പരിചയമുള്ളവര്‍ ആരുമില്ല. ശരിക്കും ആള്‍ക്കൂട്ടത്തില്‍ തനിയെ ആയ പോലെ തോന്നി. ബോറടിച്ചപ്പോള്‍ വെറുതെ എണീറ്റ്‌ നടന്നു.

അപ്പോളാണ് ശ്രദ്ധിച്ചത്. സദസ്സില്‍ പുറകില്‍ ഒരു വരിയുടെ അറ്റത്തായി എവിടെയോ കണ്ടു മറന്നു ഒരു മുഖം... വിടര്‍ന്ന കണ്ണുകള്‍...
ഓര്‍മ്മകളെ ചികഞ്ഞു വന്നപ്പോള്‍ അരിമുല്ലപ്പൂവിന്റെ മണം പടര്‍ത്തി ഒരു കൌമാരക്കാരി നിഷ്കളങ്കമായി ചിരിച്ചു.
"ദൈവമേ, നന്ദിനി!"
അതെ അവള്‍ തന്നെ നന്ദിനി, ഞങ്ങളുടെ ക്യാമ്പസ്‌ ജീവിതത്തില്‍ നിന്നും ഇത്തിരി നൊമ്പരങ്ങള്‍ ബാക്കിയാക്കി, ഇടയ്ക്കു വെച്ച് കൊഴിഞ്ഞു പോയവള്‍.
അവളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പതുക്കെ പരിചയത്തിന്റെ ഒരു പുഞ്ചിരി വിടര്ന്നു. അവളുടെ അടുത്തേക്ക് നടന്നു.

പത്തുവര്‍ഷങ്ങള്‍ കാര്യമായ മാറ്റമൊന്നും ആ മുഖത്ത് വരുത്തിയിട്ടില്ല. വെള്ളയില്‍ ഇളംപച്ച ബോര്‍ടെര്‍ ഉള്ള കോട്ടന്‍ സാരിയില്‍ അവള്‍ ഇപ്പോഴും സുന്ദരി തന്നെ. ഇത്തിരി തടിച്ചിട്ടുന്ടു. അല്പംകൂടി പക്വത തോന്നിക്കുന്നുണ്ട്.
"നന്ദിനി അല്ലെ" എന്ന ചോദ്യത്തിനു മറുപടിയായി അവള്‍ ചിരിച്ചു.
"എന്നെ മറന്നിട്ടില്ല അല്ലെ? " ചോദ്യത്തിന് അല്പം മൂര്‍ച്ചയുണ്ടായിരുന്നു.

അവളുടെ കല്യാണത്തിന് ശേഷം പിന്നെ ക്ലാസ്സിലെ അധികമാരും അവളെ കുറിച്ച് അന്വോഷിച്ചിട്ടില്ല.

വര്‍ഷങ്ങളുടെ അകലം പതുക്കെ അലിയാന്‍ തുടങ്ങി. നന്ദിനി എന്റെ വിവരങ്ങള്‍ തിരക്കി. അവളുടെ ഭര്‍ത്താവും മകനും അപ്പുറത്തുണ്ടെന്നു പറഞ്ഞു. മകനു ഒന്‍പതു വയസ്സായി. ഭര്‍ത്താവ് കുവൈറ്റ്‌ വിട്ടു വന്നു. ഇപ്പോള്‍ നാട്ടില്‍ ബിസിനസ്‌ ചെയ്യുന്നു. അനിയന്‍ പഠിച്ചു, എഞ്ചിനീയര്‍ ആയി, കുവൈറ്റില്‍ തന്നെയാണ്. അനിയത്തിയുടെ വിവാഹം കഴിഞ്ഞു. അമ്മ അവരുടെ കൂടെ ഉണ്ട്. അതെല്ലാം പറയുമ്പോള്‍ അവളുടെ മുഖത്ത് ആത്മസംപ്തൃപ്തിയുടെ തിളക്കം. സാര്‍ത്ഥമായ ഒരു ത്യാഗത്തിന്റെ സാഫല്യം കണ്ടപ്പോള്‍ എനിക്കും സന്തോഷം തോന്നി. സംസാരിച്ചുകൊണ്ടിരിക്കുന്നതിന്ടയില്‍ അവള്‍ കുറച്ചു ദൂരെ നിന്നും നടന്നു വരുന്ന തന്റെ മകനെയും ഭര്‍ത്താവിനെയും ചൂണ്ടി കാണിച്ചു. വിടര്‍ന്ന മിഴികളോട് കൂടിയ ഒരു കൊച്ചു പയ്യനും അയാളും കൂടി നടന്നു വരുന്നു. മുടിയിഴകള്‍ ഇത്തിരി നരച്ചിട്ടുന്ടു എന്നല്ലാതെ കാര്യമായ മാറ്റങ്ങള്‍ ഒന്നും അയാളിലും വന്നിട്ടില്ല.

ആദിത്യന്‍, അതായിരുന്നു മകന്റെ പേര്, നാണം കുണുങ്ങി നിന്നു.
നന്ദിനി എന്നെ പരിചയപെടുത്തി. അവളുടെ മുഖത്ത് നിറഞ്ഞു നിന്നിരുന്ന സന്തോഷം അയാളിലേക്കും പടര്‍ന്നു.
"നിങ്ങളൊക്കെ നന്ദിനിയെ മറന്നു അല്ലെ?" അയാളും അതു തന്നെ ചോദിച്ചു.
"അവള്‍ മറന്നിട്ടില്ല. എപ്പോഴും നിങ്ങളെ കുറിച്ചൊക്കെ പറയാറുണ്ട്. " അയാള്‍ അവളുടെ മുടിയിഴകളില്‍ തലോടിക്കൊണ്ടു പറഞ്ഞു.
ഭക്ഷണം റെഡി ആയി എന്നാരോ വിളിച്ചു പറഞ്ഞു.
"എന്നാല്‍ ഇനി നമുക്ക് ഭക്ഷണത്തിന് പോകാം" അയാള്‍ ക്ഷണിച്ചു.
ഞാന്‍ നിഷേധിച്ചില്ല, എനിക്ക് നന്നേ വിശക്കുന്നുന്ടായിരുന്നു.
"നന്ദിനീ നമുക്കും ഭക്ഷണത്തിന് പോകാമല്ലേ?" നന്ദിനി തലയാട്ടി.

"പ്ലീസെ ഒന്ന് മാറി നില്‍ക്കാമോ? അയാള്‍ കൈകൊണ്ടു നീങ്ങി എന്നോട് നില്ക്കാന്‍ ആന്ഗ്യം കാണിച്ചതെന്തിനെന്നു മനസ്സിലായില്ല, എങ്കിലും നീങ്ങി നിന്നു.

എന്റെ പുറകില്‍ ചുമരില്‍ മടക്കി ചാരി വെച്ചിരുന്ന ഒരു വീല്‍ചെയര്‍ അപ്പോളാണ് കണ്ടത്. അയാള്‍ അതെടുത്തു നിവര്‍ത്തി നന്ദിനിയുടെ അടുത്ത് വെച്ച്. എന്നിട്ടവളെ ഒരു കുഞ്ഞിനെ എന്നവണ്ണം കോരിയെടുത്തു ആ വീല്‍ചെയറില്‍ ഇരുത്തി.
ഞാന്‍ സ്തബ്ധനായി പോയി. അയാള്‍ അവളെ പോക്കിയെടുതപ്പോള്‍ നന്ദിനിയുടെ രണ്ടു കാലുകളും ജീവനറ്റ പോലെ തൂങ്ങിയാടുന്നു.
ഇരിക്കുന്നത് കൊണ്ടായിരിക്കും താന്‍ ഇതുവരെ അത് ശ്രദ്ധിക്കാതെ പോയത്.
അന്തം വിട്ടു നില്‍ക്കുന്ന എന്റെ മുഖത്ത് നോക്കി, നന്ദിനി വീണ്ടും പുഞ്ചിരിച്ചു.
"കുറെ കാലമായി ഞാന്‍ ഇങ്ങിനെയാണ്."
"മോന് ആറു മാസമുള്ളപ്പോള്‍, ഒരു കാര്‍ അക്സിടെന്റില്‍ എന്റെ രണ്ടു കാലുകളും ചലിക്കാതായി. അതിനു ശേഷമാണ് ചേട്ടന്‍ കുവൈറ്റ്‌ വിട്ടു വന്നത്."
"ഏതു മുന്‍ജന്മസുകൃതങ്ങളുടെ ഫലമായാണാവോ ഇങ്ങിനെയൊരാളെ എനിക്ക് ലഭിച്ചത്, കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഈ കൈകളിലാണ് ഞാന്‍ ജീവിക്കുന്നത്."
അയാളുടെ കൈകള്‍ തന്നോട് ചേര്‍ത്ത് പിടിച്ചു ചുംബിച്ചു കൊണ്ടു അവള്‍ വിതുമ്പിപ്പോയി.
അയാള്‍ വല്ലാതായി.
"നന്ദിനീ ആളോള് കാണും. നീ എന്താ കൊച്ചു പിള്ളേരെ പോലെ?" അയാള്‍ വാത്സല്യത്തോടെ അവളെ ശാസിച്ചു. കരയാന്‍ തുടങ്ങിയ ആദിത്യനെ തന്നോട് ചേര്‍ത്ത് പിടിച്ചു അയാള്‍ നന്ദിനിയെയും കൊണ്ടു മുന്നോട്ട് നീങ്ങി.
ഒന്നൊന്നായ് വന്ന അമ്പരപ്പുകളില്‍ നിന്നും മുക്തനാവാതെ ഞാന്‍, വല്ലാത്തൊരു നെഞ്ഞിടിപ്പുമായി അവരെ പിന്തുടര്‍ന്നു!