Tuesday, November 15, 2011

മഞ്ഞു കാലം വന്നില്ലെന്നാരാണ് പറഞ്ഞത്?


ഓരോ ചെറു കാറ്റിലും
പ്രതിഷേധം മുരണ്ട്
ഇളകിയാര്‍ത്ത
ഇലക്കൂട്ടങ്ങളെ,
കുടഞ്ഞെറിഞ്ഞു
തണുപ്പില്‍ നിശ്ശബ്ദം
വിറങ്ങലിച്ചു നില്‍ക്കുന്ന
വഴിയോരമരങ്ങള്‍.

മരിച്ചു വീഴുമ്പോഴും
വഴിമുടക്കാതിരിക്കാന്‍
വശങ്ങളിലേക്ക്
വലിച്ചു കെട്ടപ്പെട്ടവ..

ചില്ലകളില്‍ മഞ്ഞുറഞ്ഞ
വെളുത്ത രൂപങ്ങള്‍
ആത്മഹത്യ ചെയ്ത
കുടുംബാംഗങ്ങളെ പോലെ
തൂങ്ങിയാടുന്നു.

തൂമഞ്ഞു തൂകിയ
പ്രകൃതി,
ചോര വാര്‍ന്ന
ശവം പോലെ
വിളറി വെളുത്ത് .

സന്ധികളിലേക്ക്
അരിച്ചിറങ്ങുന്ന തണുപ്പ്..
നാക്ക് വളക്കാനാവാതെ,
മുഷ്ടികള്‍ ചുരുട്ടാനാവാതെ,
മരവിപ്പിക്കുന്ന തണുപ്പ്.

ഇരുന്നിരുന്നങ്ങിനെ
തണുത്തുറയുമ്പോള്‍
തിരിച്ചറിയാത്തതാവണം..

ഓരോ ശ്വാസത്തിലും
ഹൃദയത്തോളം തൊട്ടുവരുന്ന
തണുപ്പിന്റെ പൊള്ളല്‍.

എത്ര മരവിച്ചാലും
മരിച്ചു തീരും വരെ
മിടിക്കേണ്ടതിന്റെ ആളല്‍.

തലയോട്ടി പിളര്‍ന്നു
ഉള്ളിലെ അവസാനത്തെ
കനലിലും നനഞ്ഞിറങ്ങുന്ന മഞ്ഞ്..

എന്നിട്ടും..
എന്നിട്ടും..
മഞ്ഞു കാലം വന്നില്ലെന്നാരാണ് പറഞ്ഞത്?ചിത്രം കടപ്പാട്: http://free-extras.com

Tuesday, June 7, 2011

പിറക്കാതെ...

മേഘങ്ങളില്‍...
വിളറിപ്പോയ
വിഷാദം കലര്‍ന്ന
ഒരു കുഞ്ഞു പുഞ്ചിരി...

മാടി വിളിക്കുന്ന പോല്‍
റ്റാറ്റാ പറയുന്ന
ഇളം വിരലുകള്‍...

പരിഭവം മറച്ചു,
സ്വര്‍ഗത്തില്‍ വെച്ച്
കാണാമെന്നു
വിതുമ്പി പോകുന്ന
കുരുന്നു ചുണ്ടുകള്‍...

ആകാശത്തിന്റെ
ആഴങ്ങളിലേക്ക്
അകന്നു പോകുന്ന
ഹൃദയത്തുണ്ട്...

ഹാ... ദൈവമേ,
കുഞ്ഞു മാലാഖമാരെ
കാത്തുവെക്കുന്നിടത്തേക്ക്
ഞങ്ങളെയും എത്തിക്കണേ...

Tuesday, March 1, 2011

ആന, ഒരു വീട്ടുമൃഗമല്ല!

മന്ദം മന്ദം വീശി
സുഖം പകരുന്ന
വലിയ ചെവികളാണ്
ഭീമാകാരമായ ശരീരത്തെ
കണ്ണില്‍ നിന്നും മറച്ചു പിടിക്കുന്നത്‌.

അരയാല്‍ തണലിലെ
പനയോല നിറവില്‍
വയര്‍ പണിയെടുക്കുമ്പോഴാണ്‌
തലച്ചോറിലേക്കുള്ള വൈദ്യുതി
വിച്ഛേദിക്കപ്പെടുന്നത്.

പഴുത്ത മുറിവില്‍
കൊളുത്തി വലിക്കുമ്പോഴും
ചങ്ങലക്കിലുക്കം ആസ്വദിച്ചാണ്
താളത്തില്‍ നടക്കുന്നത്. ‍

എങ്കിലും,
ജടപിടിച്ച ഓര്‍മ്മകളുടെ മറവില്‍
ആഴങ്ങളിലുണങ്ങാത്ത മുറിവ് പോല്‍
ഒരു കാട് ഉറങ്ങാതിരിപ്പുണ്ട്.

സ്വാതന്ത്ര്യം ഘോഷിച്ച്
പുളഞ്ഞൊഴുകുന്ന കാട്ടാറില്‍
തിമിര്‍ത്താടിയ കുറുമ്പ്.
വന്യ സിംഹാസനങ്ങളെ
വിറ കൊള്ളിച്ച ചിന്നംവിളി.
വടവൃക്ഷങ്ങളെ കടപുഴക്കിയ
കറുമ്പന്റെ കരുത്ത്.

കടന്നല്‍ കൂട്ടിലേക്കൊരു
കല്ലുപോല്‍
ആത്മ ബോധത്തിലേക്കൊരു
തീപ്പൊരി മതി
കരുത്തിന്റെ പര്‍വ്വതങ്ങള്‍
ഉണര്‍ന്നെണീക്കും!

പതിറ്റാണ്ടുകളുടെ
ചങ്ങലകെട്ടുകള്‍ പൊടിഞ്ഞടിയും!
ഏകാധിപത്യത്തിന്റെ
തോട്ടിക്കൈകള്‍ പറിച്ചെറിയും!
സ്വാതന്ത്ര്യത്തിന്റെ
മുല്ലപ്പൂമണം പറന്നിറങ്ങും!

മുറിവേറ്റവരുടെ
ചരിത്രം കുറിക്കുമ്പോള്‍,
ചരിത്രത്തിനും മുറിവേറ്റേക്കാം!

കരുതിയിരിക്കുക,
ആന, ഒരു വീട്ടുമൃഗമല്ല തന്നെ!ഈ കവിതയുടെ ഒരു Edited version ബൂലോക കവിതയില്‍ ഉണ്ട്.
Edited by Naseer Kadikkad.