Monday, July 21, 2014

ഗസ്സ, ഒരു ചോരക്കാഴ്ച്ച


ഫേസ്ബുക്കില്‍ കുഞ്ഞുങ്ങളുടെ
ശവങ്ങളുടെ കൊളാഷ്,
ആയുധമഴ കൊള്ളുന്ന ജനക്കൂട്ടം,
ചുണ്ടങ്ങയുടെയും വഴുതനങ്ങയുടെയും
തമാശ പറഞ്ഞു ഞങ്ങള്‍ ആര്‍ത്തു ചിരിച്ചു.


ഇളംമാംസം,
പൂത്തിരി പോല്‍ ചിതറുന്ന കാഴ്ച്ച,
എത്രവട്ടം കണ്ടിട്ടും മതിവരുന്നില്ല.
ഹാ... ചുട്ടമാംസത്തിന്റെ മണം
മൂക്കിലേക്ക് തുളച്ചു കയറുന്നു...

ഗസ്സ...
ലോകത്തിലെ ഏറ്റവും വലിയ
തുറന്ന ജയില്‍ എന്നാരാണ് പറഞ്ഞത്?
ചുറ്റുഭാഗവും ഞങ്ങള്‍
മതില്‍ കെട്ടി അടച്ചിട്ടുണ്ടല്ലോ?
ഞങ്ങളുടെ കൊലക്കോപ്പുകള്‍
നിത്യേനെയെന്നോണം
അവിടെ പരീക്ഷിക്കുന്നുമുണ്ട്.

എന്നിട്ടും,
മൃതപ്രായമായ ശരീരത്തില്‍
നിലക്കാത്ത സ്പന്ദനം പോലെ,
ഇടയ്ക്കിടെ വരുന്ന റോക്കറ്റുകള്‍,
എന്തൊരു ശല്യമാണെന്നോ?
എലിവാണം പോലുള്ള റോക്കറ്റുകളില്‍
കീഴടങ്ങില്ലെന്ന് ഇത്ര കടുപ്പത്തില്‍
അവര്‍ എഴുതിവെച്ചതെങ്ങിനെ?
എത്ര കിട്ടിയാലാണ് ഇവര്‍
കീഴടങ്ങാന്‍ പഠിക്കുക?

ഇവരുടെ നേതാക്കള്ക്കു
ജനക്കൂട്ടത്തില്‍ നിന്നകന്നു
കൊട്ടാരങ്ങളില്‍ ജീവിച്ചു കൂടെ?
അവരെന്തിനാണ് ജനങ്ങള്‍ക്കിടയില്‍,
ജലത്തില്‍ മത്സ്യങ്ങളെന്ന പോലെ, ജീവിക്കുന്നത്?

കീഴടങ്ങലിന്റെ
സുഖവും സമാധാനവും,
ഇവര്‍ക്കെന്നാണ് ബോദ്ധ്യപ്പെടുക?

അപ്പുറത്ത്,കൊട്ടാരത്തില്‍,
ഞങ്ങള്‍ വളര്‍ത്തുന്നുണ്ടൊന്നിനെ.
ഇടക്കിടെ മോങ്ങുമെന്നല്ലാതെ, ഒരു ശല്യവുമില്ല.
അങ്ങിനെ, എത്രയെത്ര കൊട്ടാരങ്ങൾ!

ഞങ്ങൾ ചരിത്രത്തിൽ നിന്നും
പാഠം പഠിച്ചവരാണ്
ഹിറ്റ്ലരിൽ നിഷ്ടൂരത,
ഗീബല്സിൽ നിന്നും തന്ത്രം,
ഫരോവയിൽ നിന്നും ശിശുഹത്യ.

കുഞ്ഞുങ്ങള്‍...
അവരെയാണ് കൊല്ലേണ്ടത്.
ആണവശക്തിയെ, കരിങ്കല്‍ ചീളു
കൊണ്ടെതിര്‍ക്കാന്‍ വരുന്ന
ചങ്കൂറ്റ്‌ത്തിന്റെ വിത്തുകള്‍,
ഞങ്ങളെങ്ങിനെ വളരാന്‍ വിടും...
ചിതറിക്കിടക്കുന്നത് കണ്ടില്ലേ,
വിപ്ലവത്തിന്റെ ചെഞ്ചോരപ്പൂക്കൾ!
മരണം ഭയക്കാത്ത പോരാളികള്‍ക്ക്
ഞങ്ങളുടെ സമ്മാനം!

ഭയമുണ്ട് ഞങ്ങള്‍ക്ക്.
നിരപരാധിയുടെ ചോര
കൈകളില്‍ പുരളുമ്പോള്‍,
അനീതിയുടെ മണ്ണില്‍
ചവിട്ടി നില്‍ക്കുമ്പോള്‍,
ഞങ്ങള്‍ എങ്ങിനെ ഭയക്കാതിരിക്കും...

ഒഷ്വിട്സിലെ കാപാലികരുടെ കണ്ണിലും
ഇതേ ഭയം ഉണ്ടായിരുന്നുവത്രേ...

ഒട്ടും പ്രതിഷേധിക്കാതെ,
എത്ര അനുസരണയോടെയാണ്
അന്ന് ഞങ്ങള്‍ കോന്സേന്ട്രഷ്ന്‍
കാമ്പിലേക്കു നടന്നു പോയത്.
പക്ഷെ...
എന്നിട്ടും, എത്ര ശവങ്ങളാണ്
ലോറികളില്‍ അട്ടിയട്ടിയായ്
തിരിച്ചു പോയത്.

ചരിത്രത്തില്‍ നിന്നും
ചില പക്ഷേകള്‍
ഇളിച്ചു കാണിക്കുന്നുണ്ട്.

അന്ന് വേട്ടക്കാര്‍ക്കൊപ്പം കുരച്ചവര്‍
ഇന്ന് ഞങ്ങളോടൊപ്പം കുരക്കുന്നുന്ടു.
ചോരയുടെ മണമോര്ത്തു
നൊട്ടി നുണക്കുന്നുന്ടു.
വേട്ടക്കാരുടെ ഉച്ചിഷ്ടം
അവര്‍ക്കുള്ളതാണത്രേ!

Photo:Reuters

Wednesday, June 25, 2014

ഒരു നിറകണ്‍ പുഞ്ചിരി

​"അതേയ്, ഒന്ന് എണീച്ചേ...  നിങ്ങള്‍ അറിഞ്ഞോ... മംഗലാപുരത്തു  വിമാനപകടം!"
വെള്ളിയാഴ്ചയായിട്ടും രാവിലെ പതിവിനു വിപരീതമായി ഭാര്യ നേരത്തെ വിളിച്ചുണര്‍ത്തി .
"ഓ, അത് അങ്ങ് കര്‍ണാടകയില്‍ അല്ലെ, കേരളത്തില്‍ അല്ലല്ലോ?"
ഞാന്‍ ഉറക്കച്ചടവില്‍ തിരിഞ്ഞു കിടന്നു.
"അതല്ലാന്നൂ..​​. എയര്‍ഇന്ത്യ എക്സ്പ്രസ്സ്‌ ആണ്.
അധികവും കാസര്‍ഗോഡ്‌ ഭാഗത്തേക്കുള്ള മലയാളികള്‍.
കുറെ ആള്‍ക്കാര്  മരിച്ചിട്ടുണ്ട്."
അവളുടെ മുഖം വല്ലാതായിരുന്നു .
"എയര്‍ഇന്ത്യ എക്സ്പ്രസ്സ്‌... കാസര്‍ഗോഡ്‌... നാസര്‍ " ഞാന്‍ ഞെട്ടിയെഴുന്നേറ്റു.

തലേ ദിവസം രാവിലെ നാസര്‍ വിളിച്ചിരുന്നു. നാട്ടില്‍ പോകുന്ന ആവേശത്തിലാണ്.
"സര്,‍ ടിക്കറ്റ്‌ ഓക്കേ  ആയിട്ടുണ്ട്,  എയര്‍ഇന്ത്യ എക്സ്പ്രസ്സ്‌ ആണ്. എപ്പോൾ പുറപ്പെടുമെന്നു അറിയില്ല."
ആവേശത്തിനിടയിലും നാസ്സര്‍ തമാശ പറഞ്ഞു.
അന്ന് എല്ലാ വിമാനങ്ങളും സമയത്തിന് തന്നെ പുറപ്പെട്ടിരുന്നു.

വേഗം ഹാളിലേക്ക് നടന്നു.
ടീവിയില്‍ സ്കൂപ്പ് ആഘോഷിക്കുകയാണ്.
കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെ പല ആങ്കിളില്‍ ഉള്ള ചിത്രങ്ങള്‍..
വിദഗ്ദരുടെ വിശകലനങ്ങള്‍.
ടേബിള്‍ ടോപ്‌ എയര്‍പോര്‍ട്ടിന്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ചുള്ള ചര്‍ച്ച.
കോഴിക്കോട് വിമാനത്താവളവും ടേബിള്‍ ടോപ്‌ രൂപത്തിലാണെന്നു അവതാരകന്‍ കൊതിയോടെ പറഞ്ഞു.
മാംസം കരിഞ്ഞ മണം  ടീവിയില്‍  നിന്നും വമിക്കുന്നതായി തോന്നി.
ഹൃദയം പട പടാ എന്ന്  മിടിക്കുകയാണ്
ആ  മൃതദേഹങ്ങള്‍ക്കിടയില്‍ നീണ്ടു  മെലിഞ്ഞ  സുന്ദരനായ ഒരു  ചെറുപ്പക്കാരനും  ഉണ്ടായിരിക്കുമോ ?
എപ്പോഴും പുഞ്ചിരിച്ചു കൊണ്ടു മാത്രം പെരുമാറുന്ന സൌമ്യനായ നാസര്‍ ..
കൌമാരത്തിന്റെ  കളിചിരികള്‍  മാറും  മുന്‍പേ  താങ്ങാവുന്നതിലും  വലിയ  ഭാരം  മുതുകിലേല്പിച്ച ജീവിതത്തിന്റെ  നേര്‍ക്ക്‌,
പരാതികളില്ലാതെ, പുഞ്ചിരിച്ചു കൊണ്ടു നിവര്‍ന്നു  നില്ക്കാന്‍  ശ്രമിക്കുന്ന  ഞങ്ങളുടെ  പ്രിയപ്പെട്ട  നാസര്‍...


രണ്ടു  വര്ഷം  മുന്‍പ്  ദൈരയിലെ ഓഫീസിലേക്ക്  ഇന്‍ ചാര്‍ജ്   ആയി  വരുമ്പോള്‍, പള  പള  മിന്നുന്ന  ഷര്‍ട്ടും ,
ലോ  വേസ്റ്റ്  ജീന്‍സുമിട്ട്  നില്‍ക്കുന്ന  പയ്യനെ  കണ്ടപ്പോള്‍  ഏതോ  കോളേജില്‍  നിന്നും  ഇറങ്ങി വന്നതാണെന്ന് ആണ് ആദ്യം കരുതിയത്‌ .
ഓഫീസില്‍  ഡ്രസ്സ്‌ കോഡ് ഒന്നുമില്ലെങ്കിലും ഒരു  ടീ ബോയ്‌  അങ്ങിനെ  ലേറ്റസ്റ്റ്  ഫാഷനില്‍  ഓഫീസില്‍  വരുന്നത് എന്തോ ഇഷ്ടമായില്ല.
അവനെ  വിളിച്ചു വാണിംഗ്  കൊടുത്തു.
എത്രയും പെട്ടെന്നു യൂനിഫോം  തയ്പ്പിക്കാന്‍ പറഞ്ഞു.
ടൈം  പാസ്സിന്‌ വേണ്ടി ഇവിടെ വരേണ്ടതില്ലെന്നും പറഞ്ഞു. മറുത്തൊന്നും പറയാതെ സമ്മതം മൂളി.
ചിരിച്ചു കൊണ്ട്‌ കയറി വന്നവന്‍ വാടിയ മുഖവുമായാണ്‌ തിരിച്ചു പോയത്‌.

വൈകുന്നേരം ആഫീസ് അടക്കുന്നതിനും അല്പം മുന്‍പാണ്  അക്കൌണ്ടണ്ട് അയ്യര്‍ കാബിനിലേക്ക്‌ വന്നത്‌.
മെയിൻ  ബ്രഞ്ചില്‍ വരാറുള്ളത് കൊണ്ട്‌ അയ്യരെ മുന്‍പേ പരിചയമുണ്ട്‌. അധികം സംസാരിക്കാത്ത ഗൌരവക്കാരന്‍.
നാസറിന് ശുപാര്‍ശയുമായാണ്‌ വന്നത്‌. ചിരിയും കളിയുമായി കാണുന്ന നാസര്‍ ചിരിയിലൂടെ ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന ജീവിതഭാരങ്ങളെ കുറിച്ചു അയ്യര്‍ വചാലനായി.
എഞ്ചിനീയറിങിന്‌ പടിക്കുന്ന അയാളുടെ മകന്റെ  പ്രായമേ ഉള്ളൂ നാസറിന് എന്നതും അയാള്‍ക്ക് അവനോടു പ്രത്യേക വാത്സല്യത്തിനു കാരണമായിരിക്കാം.

നാസര്‍ കാസര്‍ഗോട്ട്കാരനാണ് . രണ്ടു വര്‍ഷത്തോളമായി ഈ കമ്പനിയില്‍. വലിയൊരു കുടുംബത്തിന്റെ ഏക അത്താണി .
ഉമ്മയെ  കല്യാണം കഴിച്ചത് മൈസൂര് ലേക്കാണ് . വാപ്പ നാലാമത്തെ പെണ്ണിനെ കെട്ടികൊടുന്നപ്പോള്‍ ഉമ്മ പറക്കമുറ്റാത്ത നാല്  മക്കളെയും കൊണ്ട് കാസര്ഗോട്ടെക് തിരിച്ചുപോന്നു.
വല്യുപ്പയുടെയും അമ്മാവന്റേയും സംരക്ഷണയിലാണ് പിന്നീട് കഴിഞ്ഞത്.
നാട്ടിലെ ഒരു മരമില്ലിലെ മേല്‍നോട്ടക്കാരനായിരുന്നു വല്യുപ്പ. അമ്മാവനും അവിടെ തന്നെ ജോലി ചെയ്യുന്നു.
നാട്ടിലേക്ക് പറിച്ചു നട്ട ജീവിതം തളിര്‍ത്തു തുടങ്ങുമ്പോഴേക്കും ദൂരന്തങ്ങള്‍  പരിഹാസച്ചിരിയുമായി വന്നു.
ആദ്യം മില്ലില്‍ നിന്നും മരം വീണ് അമ്മാവന് പരിക്ക് പറ്റി കിടപ്പിലായി. പ്രായം വക വെക്കാത്ത പോരാളിയായിരുന്നു വല്യുപ്പ.
മകന്റെയും മകളുടെയും കുടുംബങ്ങളെ ആ വൃദ്ധന്‍  ഒറ്റക്ക് ചുമന്നു. നാസര്‍ പ്ലസ്‌ടു വിനു പഠിക്കുമ്പോഴാണ് വല്യുപ്പ മരിച്ചത്. പഠനം അവിടെ വെച്ചു നിന്നു .
വലുപ്പയുടെ ചുമലിനു പകരക്കാരാനാവേണ്ടത്‌ താനാണെന്ന്  അവനു അറിയാമായിരുന്നു. കിടന്ന കിടപ്പില്‍ കിടന്നാണ് അമ്മാവന്‍ തറവാട് പണയം വെച്ചു
നാസറിന് ഗള്‍ഫിലേക്കുള്ള വിസ ശരിയാക്കിയത്. പത്തു പേരുള്ള ആ കുടുംബത്തെ പോറ്റാനും ലോണ്‍  വീട്ടാനുമൊക്കെ ഓഫ്ഫീസിലെ ശമ്പളം മതിയാകില്ല.
നാസറിന് ഡ്രൈവിംഗ് ലൈസെന്സ് ഉണ്ട്‌.ഒരു പഴയ വണ്ടിയുമുണ്ട്‌. രാവിലെ അഞ്ചരക്ക് നാസർ ഡ്യൂടീ തുടങ്ങുന്നു. സ്കൂളിലേക്ക് കുട്ടികളെ കൊണ്ട്‌ പോകുന്ന ഒരു ട്രിപ്‌ ഉണ്ട്‌. പിന്നെ ഓഫ്ഫീസില്‍ മൂന്നാല്‌ പേര്‍ക്ക്‌ കാർ

ലിഫ്റ്റ്‌. ലഞ്ച് ബ്രേക്ക്‌നു കുട്ടികളെ തിരിച്ചു കൊണ്ടുവിടല്‍, വൈകിട്ട് ഓഫീസ് സ്റ്റാഫുമായി തിരിച്ചും . ഇങ്ങിനെ തന്റെ സമയം കൊണ്ട്‌ പറ്റാവുന്നതില്‍ അധികം അയാള്‍ അധ്വാനിക്കുന്നുണ്ട്‌.
ഓഫീസില്ലുള്ളവര്‍ക്ക് ടെലിഫോണ്‍ കാര്‍ഡ്‌ വിറ്റും ചെറിയ വരുമാനം ഉണ്ടാക്കുന്നുണ്ട്. യാതൊരു പരാതികളുമില്ലാതെ എപ്പൊഴും ചിരിച്ചുകൊണ്ട് പെരുമാറുന്ന ആ ചെറുപ്പക്കാരനെ ഓഫ്ഫീസില്‍
എല്ലാവര്ക്കും ഇഷ്ടമആണ്.  അവന്റെ അവസ്ഥകള്‍ അറിയുന്നത്‌ കൊണ്ടാവും എല്ലാവരും അവന്റെ കയ്യില്‍ നിന്നെ ഫോണ്‍ കാര്‍ഡ് വാങ്ങാറുള്ളൂ.
വില കുറഞ്ഞാതാണെങ്കിലും പുതിയ ഫാഷനിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതു ഒരു ഹോബിയാണ്.  അവന്റെ പ്രായത്തിലുള്ളവര്‍ കളിച്ചു നടക്കുന്ന സമയത്തു അങ്ങിനെയെങ്കിലും അവന്റെ പ്രായാത്തോടു നീതിപുലര്‍ത്താന്‍  അവനെ അനുവദിക്കണമെന്നു അയ്യര്‍ പറഞ്ഞു. എഞ്ചിനീയറിംഗ്  ഏഴാം  വര്‍ഷത്തിലേക്കെത്തിച്ച സ്വന്തം മകന്റെ ഉഴപ്പിനെ ഉദാഹരിച്ചാണ്‌ അയ്യര്‍ പറഞ്ഞത്.


ടീവീ യില്‍ ആകെ ബഹളം. ഏതാനും പേര്‍ രക്ഷപെട്ടിട്ടുണ്ടെന്നു പറഞ്ഞു, പേരുകള്‍ അറിയാന്‍ കഴിഞ്ഞില്ല.
രക്ഷപ്പെട്ടവരുടെ ലിസ്റ്റ് സ്ക്രോള്‍ ചെയ്യുമ്പോള്‍ ഹൃദയം പട പട എന്ന് മിടിക്കുകയായിരുന്നു . ആ ലിസ്റ്റില്‍  നാസറിന്റെ  പേര് കണ്ടില്ല.
നാസറിന്റെ  നാട്ടിലെ നമ്പര്‍ ഇല്ല. അവന്റെ കൂട്ടുകാരെ ആരെയും അറിയുകയുമില്ല. ആരെ വിളിച്ചു അന്വോഷിക്കുമെന്നു വിഷമിച്ചു നില്‍ക്കുമ്പോഴാണ്
അയ്യരുടെ ഫോണ്‍ കാള്‍  വന്നത്‌. ടീവീ യില്‍ കണ്ട വിവരങ്ങള്‍ മാത്രമേ പുള്ളിക്കും അറിയൂ. മംഗലാപുരത്തേക്ക്‌ പുതിയ ഫ്ലൈട് ഉണ്ടെന്നും അവന്റെ നാട്ടിലേക്ക് അതാണ്  എളുപ്പമെന്നും പറഞ്ഞിരുന്നു.
പോകുന്ന അന്നാണ് ടിക്കറ്റ്‌ കണ്‍ഫേം ആയത്‌. അയ്യരുടെ ശബ്ദം ഇടറിയിരുന്നു. അവന്റെ കൂട്ടുകാരോട് അന്വോഷിക്കുന്നുണ്ട്‌. എന്തെങ്കിലും വിവരം കിട്ടിയാല്‍ വിളിക്കാമെന്നു പറഞ്ഞു.


ചൊവ്വാഴ്ച രാവിലെ,
ഓഫീസില്‍ തിരക്കുകളില്‍ മുങ്ങുന്നതിനു മുന്‍പ് ഓണ്‍ലൈന്‍ പത്രങ്ങളിലൂടെ ഓടിച്ചു നോക്കുകയായിരുന്നു .
അപ്പോഴാണ്‌ നാസര്‍ വാതില്‍ തുറുന്നു മുഖം കാണിച്ചത് . ചായ കാലത്ത് വരുമ്പോള്‍ തന്നെ റെഡി ആയിരുന്നു . ഗ്ലാസ്‌ എടുക്കാന്‍ വന്നതാവണം.
ഗ്ലാസ്‌ എടുത്തിട്ടും പോവാതെ മടിച്ചു നിക്കുന്നത് കണ്ടപ്പോള്‍ എന്തെന്ന് തിരക്കി . അവന്‍ മടിച്ചു മടിച്ചു പറഞ്ഞു.
"സര്‍ , ഒരു ആഴ്ചത്തേക്ക് ഒന്ന് നാട്ടില്‍ പോകണം ".
എന്നാണ് പോകേണ്ടത്?
കഴിയുമെങ്കില്‍ ഈ ആഴ്ച തന്നെ പോണം.
"ഉം... എന്ത് പറ്റി ഇത്ര പെട്ടെന്നു ?"  നാസറിന്റെ റെക്കോര്‍ഡ്‌സ്  HR പ്രോഗ്രാമില്‍ പരതി ,
"കഴിഞ്ഞ വര്ഷം നാട്ടില്‍ പോയില്ല അല്ലെ ? "
"ഇല്ല ..."  നാസര്‍ പറഞ്ഞു .
"ഒരു വര്ഷം പോയില്ലെനികില്‍ ആ വര്‍ഷത്തെ ലീവ് ലാപ്സ് ആയി പോവുമെന്നു  അറിയില്ലേ ? "
..അറിയാം .
എന്തെ പോകാത്തത്?
"കല്യാണം കഴിഞ്ഞു വന്നതല്ലേ ? കുറച്ചു കടങ്ങള്‍ ഉണ്ടായിരുന്നു . അതു കൊണ്ടാണ്  . "
"ഈ വര്‍ഷത്തില്‍ ഇനി ഏഴു മാസത്തെ ലീവ് കിട്ടുകയുള്ളൂ ... ഓക്കേ,."

കഴിഞ്ഞ തവണ നാട്ടില്‍ പോകുമ്പോള്‍  പെങ്ങളുടെ കല്യാണം ഉണ്ടെന്നു പറഞ്ഞിരുന്നു
പെങ്ങളുടെ കല്യാണം നടത്തിക്കഴിഞ്ഞപ്പോള്‍ ഉമ്മയും പെങ്ങമ്മാരും കൂടി അവന്റെ കല്യാണവും നിര്‍ബന്ധിച്ചു നടത്തിച്ചു.
കുടുംബത്തിനു വേണ്ടി അധ്വാനിച്ചു മകന്റെ ജീവിതം നഷ്ടപ്പെടരുതെന്നു ഉമ്മാക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
ആദ്യം കുറെ എതിര്‍ത്തു നിന്നെങ്കിലും പെണ്ണിനെ  കണ്ടപ്പോള്‍ നാസറിന്റെ എതിര്‍പ്പും മാറി.

"ആട്ടെ , എന്നത്തെക്കാണു ലീവ് വേണ്ടത് ? "
"കഴിയുന്നതും ഈ വ്യാഴാഴ്ച ."
"ഈ വ്യാഴാഴ്ചയോ? അതിനിനി മൂന്ന് ദിവസം കൂടിയല്ലേ ഉള്ളൂ ...എന്തെ ഇത്ര പെട്ടെന്നു ?"
"ഒന്നുമില്ല സര്‍, മോളെ കാണണം."
"മോള്‍ക്കിപ്പോള്‍ അഞ്ചെട്ടു മാസമായില്ലേ , എന്തെ ഇപ്പൊള്‍ അങ്ങിനെ തോന്നാന്‍?"
"മോള്‍ .........................."
നാസര്‍ പറയാന്‍ മടിച്ചു .
"മോള്‍ ....? "
"മോള്‍ ...ഇന്നലെ ഫോണില്‍' ഉപ്പ' എന്ന് വിളിച്ചു."
പെട്ടന്ന് ചിരിയാണ് വന്നത് , നാസറും കൂടെ ചിരിച്ചു.
"അവള്‍ പറഞ്ഞു കൊടുത്തു വിളിപ്പിച്ചതാവും..."
നാസറിന്റെ  കണ്ണുകള്‍ നനഞ്ഞു തിളങ്ങി.
"ഒരാഴ്ചത്തേക്ക് മതി സര്‍..."
"ഓക്കേ, ശരിയാക്കാം, ടിക്കറ്റ്‌ ബുക്ക്‌ ചെയ്തോളു. "
പിന്നെ തടസ്സം ഒന്നും പറയാന്‍ കഴിഞ്ഞില്ല.


ടീവീ യില്‍ അതേ രംഗങ്ങള്‍ വീണ്ടും കാണിക്കുകയാണ്.
ടെന്‍ഷന്‍ താങ്ങാന്‍ പറ്റാത്തത് കൊണ്ട്‌ വീട്ടില്‍ നിന്നും പുറത്തിറങ്ങി.
നാസര്‍ താമസിച്ചിരുന്ന സ്ഥലം ഏകദേശം ധാരണ ഉണ്ട്‌.  ഒന്നു ശ്രമിച്ചു നോക്കമെന്നു കരുതി വണ്ടിയെടുത്തു.


ഒരിക്കല്‍ ഒരു പുതിയ ഇംഗ്ലീഷ് സിനിമയുടെ പൈരേറ്റട്   സീഡീ കിട്ടാന്‍ വേണ്ടി നാസറിനോടു തിരക്കി.
കാസര്‍കോട്‌ കാരാനായത്‌ കൊണ്ട്‌ അവന് അത്തരം  കാര്യങ്ങള്‍ അറിയാമായിരിക്കുമല്ലോയെന്നു സൂചിപ്പിക്കുകയും  ചെയ്തു.
ചിരിച്ചു കൊണ്ട്‌ തന്നെയാണ് മറുപടി പറഞ്ഞത്.
"സര്, സത്യമായും  ഞാന്‍  അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല.
എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള പണികള്‍ക്ക്‌ പുറകേ പോയി ജയിലില്‍ കിടക്കാന്‍ എനിക്ക്‌ സമയമില്ല എന്നെ ആശ്രയിക്കുന്ന 10 പേരാടങ്ങുന്ന ഒരു കുടുംബത്തിനെ  ഒരു നേരം പോലും പട്ടിണിക്കിടാന്‍ എനിക്ക്‌ പറ്റില്ല. നല്ലവണ്ണം അദ്വാനിച്ചാല്‍ തന്നെ അതിനു പറ്റൂ. അതു മാത്രമേ നിലനില്‍ക്കൂ."

സീഡീ കിട്ടാത്ത്തില്‍ നിരാശ തോന്നിയെങ്കിലും നാസര്‍ ചെറുപ്പക്കാരനോട് ഉള്ളില്‍ അല്പം ബഹുമാനം തോന്നി.

"ഇത്രയും കഷ്ടപ്പാടിനിടയിലും നിന്റെ മുഖത്ത്‌ അതൊന്നും കാണാനില്ലല്ലോ?"
നാസര്‍ വീണ്ടും ചിരിച്ചു.
"സര് ,ഞാനെന്തിനു വിഷമിക്കണം, എന്നോട്‌ എല്ലാവരും എത്ര സ്നേഹമായിട്ടാണ് പെരുമാറുന്നത്‌.
വല്യുപ്പ ജീവിച്ചിരുന്ന കാലത്തോളം എന്റെ പടിപ്പിനും മറ്റും ഒന്നും മുടക്കം വന്നിട്ടില്ല.
അമ്മാവന് കൂടി അവകാശമുള്ള തറവാട് പണയം വെച്ചിട്ടാണ് അമ്മാവന്‍ വിസാക്ക് പൈസ ഉണ്ടാക്കിയത്‌.
ഞാന്‍ കൊടുക്കുന്നതിനേക്കാള്‍ സ്നേഹം തരുന്ന ഉമ്മയും പെങ്ങള്‍മാരും, ഭാര്യയും.
ഈ ഓഫ്ഫീസില്‍ എല്ലാവരും എന്നെ എത്ര സ്നേഹത്തോടെയാണ് കാണുന്നത്‌.
പിന്നെ, ഞാനെന്തിനു സന്തോഷിക്കാതിരിക്കണം."

എന്റെ മനസ്സില്‍ ഒരു ചോദ്യം ബാക്കി വന്നു.
ഉമ്മാക്കും മൂന്നു പെങ്ങന്‍മാര്‍ക്കുമൊപ്പം ഒരു പന്ത്രണ്ടുവയസ്സുകാരനെ ജീവിതം പോലെ പൊള്ളുന്ന വെയിലിലേക്ക് ഇറക്കി വിട്ട്,  നാലാമത്തെ മണവാട്ടിയുമൊത്തു മണിയറ പൂകിയ ഒരു മനുഷ്യനെ കുറിച്ചു, അവന്റെ പിതാവിനെ കുറിച്ചു.
അവനെ വിഷമിപ്പിക്കേണ്ടെന്നു കരുതി ചോദിച്ചില്ല.
ഞാന്‍ ബാക്കി വെച്ച  ചോദ്യമായിരിക്കുമോ അവന്റെ കണ്ണുകളില്‍ ഉരുണ്ടു കൂടിയ സ്ഫടികത്തിളക്കം?


നാസര്‍ പറഞ്ഞ ഏരിയയില്‍ ഒരു ഗ്രോസ്സരിയില്‍ അന്വോഷിച്ചാണ് അവന്റെ റൂം കണ്ടു പിടിച്ചത്. റൂം മേറ്റി ല്‍  നിന്നും അവന്റെ നാട്ടിലെ നമ്പര്‍ മേടിച്ചു.
അവരും വിഷമിച്ചിരിക്കുകയാണ്. ഫോണ്‍ സ്വിച്ച് ഓഫ്‌ ആണ്.
മടങ്ങി വരുമ്പോള്‍ ഫോണ്‍ വീണ്ടും ട്രൈ ചെയ്തു കൊണ്ടിരുന്നു.
ഇടക്കെപ്പോഴോ റിംഗ് ചെയ്തു.
ഹൃദയമിടിപ്പ്‌ വേഗത്തിലായി.
ഫോണില്‍ നാസറിന്റെ ശബ്ദം കേട്ടപ്പോഴാണ് ശ്വാസം നേരെ വീണത്‌.
"നാസര്‍, ഞങ്ങള്‍ പേടിച്ചിരിക്കുകയായിരുന്നു. നീ എങ്ങിനെ രക്ഷപ്പെട്ടു."
"സര്‍, ഞാന്‍ ആ ഫ്ലൈറ്റ് ല്‍ അല്ല വന്നത്. എനിക്ക് മംഗലാപുരത്തേക്ക് ടിക്കറ്റ്‌ കിട്ടിയില്ല. ഞാന്‍ കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌നാണ്  വന്നത്."
പടച്ചോന്‍ എന്നെ ഇപ്പോള്‍ വിളിക്കാന്‍ ഉദ്ധേശിച്ചിട്ടുണ്ടാവില്ല. അല്ലെങ്കിലും എന്നെ ഒറ്റയ്ക്ക് വിളിക്കാന്‍ പറ്റില്ലല്ലോ? കൂടെ പത്തു പേരെ കൂടി വിളിക്കേണ്ടിവരും."
അവന്‍ ചിരിച്ചു. അവന്റെ കണ്ണുകള്‍ ഇപ്പോഴും നനഞ്ഞു തിളങ്ങുന്നുണ്ടാവുമോ?

Saturday, April 5, 2014

അറേബ്യന്‍ വേനല്‍ - മാറാം എല്‍ മസ്രി (സിറിയ )


സ്വാതന്ത്ര്യം,
അവള്‍ നഗ്നയായാണ് വരുന്നത് 
സിറിയയിലെ മലനിരകളിലേക്ക്,
സമതലങ്ങളിലേക്കും,
അഭയാര്‍ഥി ക്യാമ്പുകളിലെക്കും.

മണ്ണില്‍ പുതഞ്ഞ കാലുകളുമായി.
തണുപ്പിലും, പീഡനത്താലും, 
കുമിളിച്ച കൈകളുമായി,

എന്നിട്ടും അവള്‍
മുന്നോട്ടു നീങ്ങികൊണ്ടേയിരിക്കുന്നു...

അവള്‍ വരുന്നു,
അവളുടെ കൈകളില്‍ തൂങ്ങി, 
അവളുടെ കുഞ്ഞുങ്ങളും...

അവള്‍ ഓടുമ്പോള്‍ 
അവര്‍ വീണു പോകുന്നു,
അവര്‍ കൊല്ലപ്പെടുന്നു.
അവള്‍ കരയുന്നു, അവള്‍ വേദനിക്കുന്നു.

എന്നിട്ടും അവള്‍
മുന്നോട്ടു നീങ്ങികൊണ്ടേയിരിക്കുന്നു...

അവര്‍ അവളുടെ കാലുകള്‍ 
തല്ലിയൊടിക്കുന്നു.
എന്നിട്ടും അവള്‍
മുന്നോട്ടു നീങ്ങികൊണ്ടേയിരിക്കുന്നു...

അവള്‍ ഗളച്ഛേദം ചെയ്യപ്പെട്ടിരിക്കുന്നു,
എന്നിട്ടും അവള്‍ പാടിക്കൊണ്ടേയിരിക്കുന്നു...

അവളുടെ മരങ്ങള്‍ മുറിക്കപ്പെട്ടിരിക്കുന്നു,
അവളുടെ പൂക്കള്‍ ചവിട്ടിയരക്കപ്പെട്ടിരിക്കുന്നു,
അവളുടെ നദികള്‍ രക്തം നിറഞ്ഞൊഴുകുന്നു.
അവളുടെ വസന്തം കൊലചെയ്യപ്പെട്ടിരിക്കുന്നു.

ഇപ്പോള്‍ വേനല്‍ അതിന്‍റെ അനുശോചനം പ്രഖ്യാപിക്കുന്നു.

എന്നിട്ടും അവള്‍
മുന്നോട്ടു നീങ്ങികൊണ്ടേയിരിക്കുന്നു...