Thursday, October 29, 2009

വൃത്തികെട്ട വര്‍ഗ്ഗം?

പകല്‍.

ഗേറ്റിനു മുന്‍പില്‍
പാത്ര കിലുക്കം.
ഒറ്റ രൂപ തുട്ടില്‍
തീരാത്ത ദൈന്യം.

'അമ്മാ വിശക്കുന്നു.'
കരിഞ്ഞുണങ്ങിയ
ഒരമ്മയും കുഞ്ഞും.

'അകത്തു കേറ്റരുത്‌,
കണ്ണ് തെറ്റിയാല്‍ കക്കും.
വൃത്തികെട്ട വര്‍ഗ്ഗം!'

'ഞാന്‍ വരാന്‍ വൈകും'
തൂവെള്ള മുണ്ട് മടക്കി കുത്തി,
പടിയിറങ്ങും പുരുഷപ്രതാപം.

രാത്രി.

ഇരുള്‍ മുറ്റിയ
പീടിക തിണ്ണയില്‍ ആളനക്കം.
അടുത്ത് ചെന്നപ്പോള്‍
വെപ്രാളവും ഓട്ടവും.

നിലത്തു, ഇരുളിന്റെ ഇരുളായി,
ഒരു പെണ്‍കുഞ്ഞു പിടയുന്നു.
കറുപ്പിലും അഴുക്കിലും
തിളങ്ങുന്ന ചോര.
അമ്മിഞ്ഞ മണം
മാറാത്ത ചുണ്ടു പിളര്‍ന്നു
ചുടുനിണം വാര്‍ക്കുന്നു.

തൊട്ടടുത്ത്‌,
ചോരയും ശുക്ലവും പടര്‍ന്ന
ഒരു തൂവെള്ള മുണ്ട്...
Written on 10-Feb-2008

Sunday, October 25, 2009

ഗസ്സ: ഒരു കണ്ണീര്‍ കാഴ്ച

അല്ല കുഞ്ഞേ, അത് തുമ്പികളല്ല
നമ്മെ തേടി വരും മോക്ഷത്തിന്‍ മരണപ്പറവകള്‍.

ഒളിച്ചിരിക്കാന്‍ ഇടം തിരയേണ്ട,
ഈ മണ്‍ കൂമ്പാരത്തില്‍ നിന്നു,
ഇനി നമ്മുടെ വീട് കണ്ടെടുക്കനാവില്ല.

മാനത്തേക്ക് നോക്കാതെ സ്വീകരിക്കുക
പൊട്ടി ചിതറുന്ന അഗ്നിപ്പൂക്കള്‍.
ആ വലിയ മതിലിന്നപ്പുറത്തേക്ക്,
ഇന്നലെ നീയെറിഞ്ഞ കൊച്ചു കല്ലുകളാണത്രേ
ഇന്നു അഗ്നിചിറകുകളില്‍ പറന്നിറങ്ങുന്നത്.

കണ്ണടച്ച് പ്രാര്‍ത്ഥിക്കുക,
പാതി ജീവനായി ബാക്കിയാവതിരിക്കാന്‍,
നമ്മുടെ ആശുപത്രികള്‍ നിറഞ്ഞിരിക്കയാണ്.

അറിയാതെയെന്കിലും ആ മംസപിണ്ഢത്തില്‍്
ചവിട്ടിയേക്കല്ലേ, അത് നിന്റെ അച്ഛനാണ്.
ഇന്നലെ, നിനക്ക് റൊട്ടി തേടി പുറപെട്ടു പോയതാണ്.
ഇനി നീ റൊട്ടിക്ക് വേണ്ടി കരയേണ്ടി വരില്ല.
മോക്ഷത്തിന്റെ പറവകള്‍ അടുത്തെത്തിക്കഴിഞ്ഞു.

ഹോളോകാസ്റ്റിന്റെ ഇരകള്ക്കറിയാം
പുതിയ ഹോളോകാസ്റ്റുകള്‍ എങ്ങിനെ നടപ്പാക്കണമെന്ന്.

ഒളിത്താവളങ്ങളില്‍ ഇനിയും
ഇന്‍തിഫാദ വിളികള്‍ ഉണരും.
അവസാനത്തെ ആളെയും കൊലക്ക് കൊടുക്കുന്നത് വരെ,
വഴിപാടുകള്‍ പോലെ, റോക്കറ്റുകള്‍ പറക്കും.

ലോകം പുതുവര്‍ഷഘോഷത്തിന്റെ തിരക്കിലാണ്.
പ്രതികരണത്തിന്റെ അവസാനത്തെ അലയും
നിലച്ചു കഴിഞ്ഞാല്‍, അവര്‍ വരും.
ചത്തു മലച്ച ഒരു രാജ്യത്തെ,
കണ്ണീര് കൊണ്ടു കുളിപ്പിക്കാന്‍.

അതുവരെ കാത്തിരിക്കാം,
വയറില്‍ കാളുന്ന വിശപ്പിനെ
കണ്ണില്‍ നിറയുന്ന ഭയം കൊണ്ടു കെടുത്താം.
തീവിതറും പക്ഷികള്‍ വിഴുങ്ങും വരെ.
ബൂലോക കവിതയില്‍ പ്രസിദ്ധീകരിച്ചത്.

Thursday, October 22, 2009

കണക്കെടുപ്പ്

വര്‍ഷാന്ത്യ കണക്കെടുപ്പ്...

കൂട്ടിയും കിഴിച്ചും
ലാഭ നഷ്ട്ടങ്ങള്‍ തിരഞ്ഞ്...
കാലം മായ്ക്കാത്ത പിതൃനഷ്ടം,
ചുക്കി ചുളിഞ്ഞകരങ്ങള്‍ പകര്‍ന്ന
സാന്ത്വനത്തിന്റെ അഭാവം,
ഇന്നും ഓര്‍മ്മകളില്‍ കനല്‍ വിതറുന്നു.

നാട്ടില്‍ പോയി അമ്മയെ കണ്ടു.
വാര്‍ദ്ധക്യവും വൈധവ്യവും തളര്‍ത്തിയ,
വിളര്‍ത്ത മുഖം, ജീവനറ്റ ഒരു കണ്ണ്.
തളര്‍ന്നു തുടങ്ങിയ മറുകണ്ണില്‍,
കരുണ്യത്തിനായി പ്രാര്‍ത്ഥനകള്‍ ബാക്കി.

പൂട്ടിയിട്ട തറവാട്,
വിണ്ടുകീറിയ ചാന്തു തേച്ച തറ.
ചിറകു മുളച്ചവര്‍ പറന്നകന്നപ്പോള്‍ ,
അനാഥമായ കൂട്.
കൂട് കൂട്ടേണ്ട അവസാനത്തെ ആള്‍
പ്രവാസത്തിന്റെ തടവറയില്‍.

ഭാര്യയോടു പിണങ്ങിയത്‌ കിഴിച്ചു.
പെയ്യാന്‍ നിന്ന മിഴിമേഘങ്ങള്‍
കണ്ടു ഞാനെങ്ങിനെ കണ്ണടക്കും.

നന്നായി വരുവാന്‍ ഉണ്ണിയെ തല്ലിയത്,
നിറകണ്ണുമായി, പരിഭവിച്ചു നില്ക്കുന്ന കുഞ്ഞുമുഖം,
കൂട്ടാനും കിഴിക്കാനും കഴിയാതെ...

നാട് കണ്ടതും നാട്ടു മാങ്ങ തിന്നതും
ഞാവല്‍പ്പഴത്തിന്‍ കറയാല് കയ്യും വായും കറുപ്പിച്ചതും
വേനല്‍ കുടിച്ച കുളത്തിലെ ഇത്തിരി വെള്ളത്തില്‍
മുങ്ങാതെ നിവര്‍ന്നു കൊതി തീര്‍ത്തതും
പ്രവാസ വേനലിലെ അവധി മഴയായി
കൂട്ടിയിട്ടും കൂട്ടിയിട്ടും മതി വരാതെ...

കാലങ്ങള്‍ക്കു ശേഷം,
കൂട്ടുകാരോടൊത്ത് വെള്ളിയാങ്കല്ലില്‍,
നിളക്ക് കുറുകെ പടര്‍ന്ന പാലത്തില്‍ ഇരുന്നത്.

കവിതകളെ കണ്ടെടുത്തതും,
അകലങ്ങളിലിരുന്നു അടുത്തറിഞ്ഞ സൌഹൃദങ്ങളും
ആദ്യമായി അച്ചടി മഷി പുരണ്ട അക്ഷരങ്ങളും.

നഷ്ടങ്ങളുടെ ഓര്‍മ്മകള്‍ മറഞ്ഞിരിക്കുന്നത്,
ഒരു പക്ഷെ, നല്ലതിനായിരിക്കാം.

കോളങ്ങള്‍ തിരിക്കാനറിയാതെ,
കൂട്ടിയും കിഴിച്ചും നോക്കുമ്പോള്‍
ഞാന്‍ മാത്രം ബാക്കിയാവുന്നു.

ശരിയായ കണക്കെടുപ്പിനു സമയമായില്ല!

Wednesday, October 14, 2009

പ്രവാസത്തിന്റെ വര്‍ത്തമാനം


എഴുതണമെന്നുണ്ട്,
പ്രവാസത്തിന്റെ ഉഷ്ണക്കാറ്റില്‍
കരിഞ്ഞു പോകുന്ന ഈയാംപാറ്റകളെ കുറിച്ചു.

ഉറക്കം വരുന്നു, നാശം,
ഈ ഏസിയുടെ തണുപ്പ് ഇത്തിരി കൂടുതലാണ്.

പറയണമെന്നുണ്ട്,
വിയര്‍പ്പും കണ്ണീരും,
മണല്‍ കാറ്റേറ്റു മൂക്കില്‍
നിന്നൂറും ചോരയും പകര്‍ന്നാലും
കഥയും കവിതയും തളര്‍ന്നു പോകുന്ന
ഒട്ടകപാലന്മാരുടെ കറുത്ത ജീവിതങ്ങളെ കുറിച്ചു.

ടി.വിയില്‍ ന്യൂസ് ഹൌര്‍ ഉണ്ട്,
ഇന്നെന്താണാവോ ഹോട്ട്!

പറയാതെ വയ്യ,
അഴുക്കും വഴക്കും, മൂട്ടയും നിറഞ്ഞ,
ലേബര്‍ ക്യാമ്പില്‍ അട്ടിയിട്ട ജന്മങ്ങളെ കുറിച്ചു.

ലേബര്‍ ക്യാമ്പ് ഇതുവരെ കണ്ടിട്ടില്ല,
അടുത്തയാഴച്ത്തെ ട്രിപ്പ്‌ അങ്ങോട്ടകട്ടെ.

കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടു
കരുത്തുറ്റ കവിതയെഴുതണം.

ജീവിതം ആഘോഷിക്കുമ്പോള്‍
നേരം പോക്കിന് ഇത്തിരി കവിതയും ?

Sunday, October 11, 2009

നീ

എന്റെ വേദനയില്‍,
നീ ആനന്ദിക്കുന്നുവെന്നറിവില്‍,
ഞാന്‍ വേദനിക്കുന്നതിലും
നീ ആനന്ദിക്കുന്നുവൊ?

എന്റെ കരച്ചിലിന്‍ ആഴങ്ങളെ
നീയെന്‍ മിഴികളില്‍ തിരയരുത്.
എത്ര കരഞ്ഞാലും, നനയാതിരിക്കാന്‍
എന്നോ പഠിച്ചു കഴിഞ്ഞൂ അവ!

സ്നേഹം ഭാവിച്ചു, നീയെന്‍
ഹൃദയത്തില്‍ കത്തിയാഴ്ത്തുമ്പോള്‍,
ഞാന്‍ ചിരിച്ചതെന്തിനെന്ന്
നിനക്കു മനസ്സിലായില്ല.
നിന്റെ കത്തിയാല്‍
മുറിവേല്‍ക്കുന്നത്‌ നിനക്കു തന്നെ.
കാരണം എന്റെ ഹൃദയത്തില്‍
നിറഞ്ഞിരിക്കുന്നത്‌ നീയാണല്ലോ!