Tuesday, September 29, 2009

കാഴ്ച

ഉണങ്ങി കരിഞ്ഞും,
വീഴാന്‍ മറന്നു പോയ ഒരു മരം.
തീ വിതറി നില്‍ക്കും സൂര്യന്റെ നേര്‍ക്ക്‌,
പ്രാര്‍ത്ഥന പോലെ ഒരു ചില്ല.

കീറത്തുണി തൊട്ടിലില്‍
ഒരു പട്ടിണി പ്പൈതല്‍,
കൊടും വിശപ്പിന്റെ വേദന സഹിക്കാതെ,
വാവിട്ടു നിലവിളിക്കുന്നു.

താഴെ, ചുട്ടുപഴുത്ത മണലില്‍
വരണ്ടുണങ്ങിയ വിജനതയിലേക്ക് കണ്ണയച്ചു,
പട്ടിണി പേക്കോലമായ് ഒരമ്മ.
'തൊലി ദ്രവിച്ചു പോവാത്ത ഒരസ്ഥികൂടം'.
പിളര്‍ന്ന വായില്‍ നിന്നും,
പുതിയ കൂടുകൂട്ടുന്ന ഉറുമ്പുകളുടെ നിര.

തീക്കാറ്റ് വീശുന്ന വിജനതയില്‍
ഒച്ച കുറഞ്ഞു വരുന്ന കുഞ്ഞു നിലവിളി.

" ഛെ, ചാനല്‍ മാറ്റൂ, വല്ല സീരിയലുമുന്ടാവും,
അല്ലെങ്കില്‍ ക്രിക്കറ്റ്‌. "

"ഹേ മാറ്റല്ലേ, ഉഗ്രനായിട്ടുണ്ട്!
സൂപ്പര്‍ ഫോട്ടോഗ്രാഫി! സൂപ്പര്‍ ഡയരക്ഷന്‍!
ഏതാണീ ചാനല്‍?"

Thursday, September 3, 2009

പ്രണയ ശിഷ്ടം

വിട ചൊല്ലിപ്പിരിയുമീ വഴികളില്‍ തങ്ങുന്ന,
മിഴിനീര്‍ കണങ്ങളെ തൊട്ടു തലോടുവാന്
വെറുതെ വഴിതെറ്റിയലയുന്നെന്നോര്‍മ്മകള്‍
കോരിയെടുത്തു ഞാന്‍ മനച്ചെപ്പിലടക്കട്ടെ.

ഇനിയും തിരിച്ചുവരാത്തൊരാ ഉഷസ്സന്ധ്യകള്‍
കാത്തൊരാ സൂര്യനെ തേടി കണ്ണടച്ചലഞ്ഞതും,
വിഷാദത്തിന്‍ വിരല്‍പ്പാടില്‍ ഹസിത സ്വപ്നങ്ങളണഞ്ഞതും,
ഓര്‍മ്മിക്കുന്നു ഞാന്‍, ഇനിയെല്ലാം മറക്കട്ടെ,
ഓര്‍മ്മകളുടെ ശ്മശാനത്തില്‍,
മറവിയുടെ പതിരാപ്പൂക്കള്‍ വിരിയട്ടെ.

നന്ദിയുണ്ടേറെ എന്നുള്‍ക്കണ്ണുതുറന്നതില്‍,
നീറുന്ന മോഹങ്ങളെനിക്കു കാണിച്ചു തന്നതില്‍.
നന്ദിയുണ്ടേറെ എന്നുള്‍മ്മനം കീറിപിളര്‍ന്നതില്‍,
വേദനാമൃതം നീ നിറച്ചു തന്നതില്‍.

സ്നേഹം നറുമഞ്ഞുരുകുന്ന വെയിലിന്‍ കനല്‍പാടില്‍,
കണ്ണുനീര്‍ച്ചാലുകലൊഴുകാത്ത നിശ്ശബ്ദപ്രണയത്തിന്‍ സമതലപ്പച്ചപ്പരപ്പില്‍,
പാഴ്ക്കിനാവു പെയ്യാതലഞ്ഞ മിഴിനീര്‍ത്തടങ്ങളില്‍
മുഖം പൊത്തിക്കരയുവന്‍ പോലും കഴിയാതെ,
കാപട്യ മൌനത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു ഞാന്‍.

നീയാണാദ്യം പുഞ്ചിരി തൂകി
ക്കടന്നുവന്നതെന്‍ ഹൃത്തേരിന്‍ പാതയില്‍.
നീയാണാദ്യം പിന്‍-വിളി പാകി
നിറഞ്ഞു നിന്നതെന്‍ നേര്‍വഴി യാത്രയില്‍.
എന്നിട്ടുമെന്തെ എണ്റ്റെയുള്ളില്‍,
ഇത്തിരി കണ്ണീര്‍ക്കണങ്ങള്‍ മാത്രം ബാക്കിയായ്‌?

നിന്‍മിഴി സാഗരം മോഹിച്ചുവെങ്കിലും
അതിലെന്‍ സാന്ത്വനക്കുളിരേകാന്‍ ദാഹിച്ചുവെങ്കിലും
ഞാനറിയാ നിന്‍ മനം മൊഹിച്ചതില്ല ഞാന്‍.
തേനൊലിയാം നിന്‍ തനു കാമിച്ചതില്ല ഞാന്‍.

സാഗരമിഴിവിഷാദത്തിനപ്പുറം
മോഹിതമലര്‍കളായ്‌ പൂത്തതില്ലൊന്നുമേ.
മലര്‍ശരം തൊടുക്കേണ്ട തൂമിഴിത്തുമ്പില്‍
വിഷാദം നീലിച്ചെന്നെത്തോല്പ്പിച്ചതെന്തിന്.
നീലിമ അനന്തശൂന്യമെറിഞ്ഞിട്ടും
ചഞ്ചലം മനം മോഹിച്ചതെന്തിനു.

ഇനിയും വെറുപ്പിന്‍റെ വേരുകളുണര്‍ന്നീല,
ഹൃത്താഴ്‌വരയില്‍ സ്നേഹത്തിന്‍ നീരുറവ നിലച്ചീല.
നിശ്ശബ്ദമൊഴുകിയമരുന്നെന്‍ സ്നേഹ നിള,
തീരങ്ങളില്‍ പച്ചപ്പിന്‍ പാറക്കൂട്ടങ്ങള്‍ തിളങ്ങുന്നു.

ഇനി പുതിയ ജീവിത രണാങ്കണം തേടാം,
പുതിയ അറിവുകള്‍ നോവായ്‌ നേടാം,
കാലം കരുത്താര്‍ന്നു കാത്തിരിപ്പുണ്ടെന്നെ,
കാവ്യമോഹങ്ങള്‍ കതിര്‍ തീര്‍ക്കുവാനായ്‌!