Saturday, September 28, 2013

ഞാൻ ഖിന്നനാണ്...

മാഞ്ഞു പോകുന്ന
പച്ചപ്പിനെ കുറിച്ചും
നഷ്ടമാകുന്ന
ജലസ്രോതസ്സുകളെ കുറിച്ചും
നമ്മളെത്ര പ്രഭാഷിച്ചതാണ്...

വരാൻ പോകുന്ന
വരണ്ട കാലത്തെ കുറിച്ചു
നാമെത്ര കവിതകൾ
എഴുതിയതാണ്...

എന്നിട്ടും, നിങ്ങൾ നോക്കൂ…
ഞങ്ങളുടെ ഫ്ലാറ്റിലെ
സ്വിമ്മിംഗ് പൂൾ
വറ്റിക്കൊണ്ടിരിക്കുന്നു.

എനിക്ക് മാത്രമല്ല,
ഫ്ലാറ്റിലെ മിക്കവര്ക്കും
ഡോക്ടർ, നീന്തൽ
ശുപാര്ശ ചെയ്തിട്ടുണ്ട്.

വഴിയോരത്ത്,
വെള്ളത്തിന്‌ വേണ്ടി
കടിപിടി കൂടുന്ന ആളുകൾ
ഇന്നലെ നമ്മുടെ ഫ്ലാറ്റിലേക്ക്
ഓർഡർ ചെയ്ത വെള്ളം
പിടിച്ചു പറിച്ചത്രെ!
മര്യാദകെട്ടവർ!

കുഴല്ക്കിണറിലെ
വെള്ളം കുടിക്കാൻ മാത്രമേ
എടുക്കാവൂ എന്നതു
ഫ്ലാറ്റിലെ നിയമമാണ് .

കോര്പറേഷൻ വെള്ളം
കുളിക്കാനെ കൊള്ളൂ ,
കുടിക്കാൻ കൊള്ളില്ല.

സാരമില്ല, അവർ കാണാതെ
ഇരുട്ടിന്റെ മറവിൽ
വെള്ളം കൊണ്ടുവരാന്
ഏർപ്പാടാക്കീട്ടുണ്ട്.

മറ്റവൻമാരെ
മര്യാദ പഠിപ്പിക്കാൻ
വേണ്ടപ്പെട്ടവരെ
എല്പ്പിചിട്ടുമുണ്ട്.

ഒരു അന്യഗ്രഹപേടകത്തിൽ
നിന്നും എന്ന പോലെ
ഇരുപത്തിയെട്ടാമത്തെ
നിലയിൽ നിന്നും
നഗരം നോക്കി കാണാൻ
ഇത്തിരി രസമൊക്കെയുണ്ട്.

ജനറേറ്റരിന്റെ ശബ്ദം
അല്പം അലോസരമുണ്ടാക്കുന്നുണ്ട്,
അപ്പാർട്ട്മെന്റിന്റെ അറ്റത്ത്
മതിലിനടുത്തായാണ്‌
അവ വെച്ചിട്ടുള്ളതെങ്കിലും.

മതിലനപ്പുറത്തു
കുറെ കുടിലുകളാണ്
ശബ്ദവും ബഹളവും
വെളിച്ചവും വൃത്തികേടും
അവര്ക്ക് പ്രശ്നമല്ല.

ഇത്രയും ശല്യങ്ങൾക്കിടയിൽ
അവരെങ്ങിനെയാണ്
സ്വസ്ഥമായ് ഉറങ്ങുന്നത്,
ഉണ്ണുന്നത്, കാമിക്കുന്നത്?

കുടിലുകൾ ഒഴിപ്പിച്ച്,
റോഡു വീതികൂട്ടാൻ
സര്ക്കാര് ശ്രമിച്ചതാണ്.

അപ്പോഴല്ലേ അവർ
പുലികളെ പോലെ
പാഞ്ഞു വന്നത്!
സമരവും... സത്യാഗ്രഹവുവും...
കണ്ണീരും... ചോരയും...

പുരോഗതിയുടെ
അതിവേഗപാതയ്ക്ക്
തടസ്സം നില്ക്കുന്ന പുഴുക്കൾ,
ചവിട്ടിയരക്കപ്പെടുന്നത് കാണാൻ
നല്ല രസമായിരുന്നു...
തിരഞ്ഞെടുപ്പടുത്തില്ലായിരുന്നുവെങ്കിൽ
കാണാമായിരുന്നു...

ഇനി, ഫ്ലാറ്റിൽ നിന്നും
ടെക്നോ പാര്ക്കിലേക്ക്
ഹെലികോപ്റ്റ്ർ ടാക്സി
വരുന്നതെന്നാണാവോ?

ഞാൻ പറഞ്ഞില്ലേ
ഞാൻ ഖിന്നനാണെന്നു...

Friday, August 30, 2013

കാട്ടുപോത്തുകളും സിംഹങ്ങളും
സിംഹങ്ങളെക്കാള്‍ കാട്ടുപോത്തുകളാണ്,
വേട്ടക്കാരന്റെ തോക്കിന് പഥ്യം.
പച്ചപുല്ല് തിന്നു കൊഴുത്ത
കാട്ടുപോത്തിന്റെ രുചി,
സിംഹങ്ങളുടെ കരുത്തന്‍
പേശികള്‍‍ക്കില്ലല്ലോ..​.

ശാന്തരായി,
പുല്ക്കാട്ടിൽ മറഞ്ഞിരുന്ന്
ഇരയുടെ കഴുത്തു നോക്കി
കാത്തിരിക്കുന്ന
സിംഹങ്ങളുടെ ആഡ്യത്വവും
ചിതറിപ്പായുന്ന
പോത്തിന്കൂട്ടങ്ങൾക്കില്ല.

കൊമ്പ് കുലുക്കി
കാട് കുലുക്കി
പാഞ്ഞു വരുന്നത് കണ്ടാൽ
ആരും വിളിച്ചു പോകും,
ഭീകരനെന്നു!

കാട്ടുപോത്തുകള്‍
തിന്നു തീര്ക്കുന്ന
പച്ചപ്പിനെ കുറിച്ച്
മാന്കൂട്ടങ്ങളെ
ബോധാവന്മാരാക്കാൻ
സൃഗാലസംഘങ്ങൾ
പ്രയത്നിക്കുന്നുണ്ട്.

രക്ഷകനായ സിംഹത്തിന്റെ
കരുത്തും ശൌര്യവും
കൂര്ത്ത പല്ലുകളുടെ മൂര്‍ച്ചയും
കുറുക്കന്മാർ പാടി പുകഴ്ത്തുന്നുണ്ട്.

സിംഹങ്ങൾക്ക് യാത്ര ചെയ്യാൻ,
കാടുകൾ ബന്ധിപ്പിച്ചു
നിര്മ്മിച്ച രാജപാതകൾ
വിദേശങ്ങളിൽ പോലും
കേഴ്വി കേട്ടതാണത്രേ...

വേട്ടക്കാരന്റെ
തോക്കിനു കുറുകെ
ചാടാത്തിടത്തോളം
സിംഹം സുരക്ഷിതനാണ്

പങ്കുവയ്ക്കാൻ ഇരകൾ
തികയാതെ വരുമ്പോഴേ
വേട്ടക്കാർ പരസ്പരം
വേട്ടയാടാറുള്ളൂ...

അങ്ങിനെ വരുമ്പോള്‍
ഇരകള്‍ വര്‍ദ്ധിക്കേണ്ടത്
വേട്ടക്കാരുടെ ആവശ്യവുമാകുന്നു.


ചിത്രം കടപ്പാട് : http://robertibrucephotography.com.au

Saturday, July 6, 2013

പ്രവാസംഅവൾ,
വിരഹക്കടലില്‍
സങ്കടം തിന്നും
ഇണ മല്‍സ്യം.

അവൻ,
പൊള്ളുന്ന മണലില്‍
ജലം തേടും
നിലക്കാത്ത പിടച്ചില്‍...

നീ,
ഉണര്‍വ്വിനും 
ഉറക്കിനുമിടക്കുള്ള
ആലസ്യത്തില്‍
നഷ്ടമാവുന്നതും
ശിഷ്ടമാവുന്നതും
തിരിച്ചറിയാതെ...

ഞാൻ,
ചില്ലുകൂട്ടിലെ ജലത്തില്‍
കടലാഴം താണ്ടുന്ന
വിഡ്ഢി!