Monday, May 10, 2010

Happy Mother 's Day?

അമ്മേ, ചിരിക്ക നീ,
ഇന്ന് മാതൃദിനം!
ഇന്നൊരു ദിനമെങ്കിലും 
നിന്നെ സ്നേഹിച്ചിടട്ടെ ഞാന്‍!

എത്ര നാളായി കണ്ടിട്ടു,
കരയാന്‍  മറന്നൊരീ മുഖം.
കാഴ്ചയിപ്പോഴും പാതിയില്‍
പരാതി പറഞ്ഞിരുപ്പല്ലേ?
ശുഷ്കമീ വിരലൊന്നു
തൊട്ടു നോക്കട്ടെ,
വടി  കുത്തിയാണെങ്കിലും   
നടക്കുന്നതത്ഭുതം!

പൊട്ടിപ്പൊളിഞ്ഞോരീ വീട്ടില്‍ 
അച്ഛന്റെ ഓര്‍മ്മകളോ കൂട്ട്?
കൂട്ടിനിപ്പഴും നീലി വരാറില്ലേ,
കൂലിയധികം കൊടുക്കാതെ നോക്കണം.

പറഞ്ഞിട്ടുണ്ട്  ഞാന്‍ 
അയല്പക്കകാരോട് .
ഇടക്കൊന്നു നോക്കണം,
ആളനക്കം വേണം.

പട്ടണം തിരക്കാണമ്മേ   
പൊടിയും പുകയും, പകയും,
അമ്മക്ക് ചേരില്ല.
വിട്ടിട്ടു  പോരാന്‍ വയ്യ,
മക്കള്‍ പഠിക്കുന്നൂ.
മത്സരമല്ലേ എങ്ങും,
ജയിച്ചാല്‍ പോരല്ലോ,
തോല്‍പ്പിക്കണമെല്ലാരേം.

അലച്ചിലാണമ്മേ, സ്വസ്ഥതയില്ലൊട്ടും,
നേട്ടങ്ങളെല്ലാം ചുരുങ്ങിപ്പോവുന്നു.
പ്രാര്‍ത്ഥന പഴയ പോല്‍ 
കൂടെ വേണമെനിക്കെന്നും.

ആവശ്യമില്ലൊട്ടും പണത്തിനെന്നറിയാം, 
അച്ഛന്റെ പെന്‍ഷന്‍ അധികമാണല്ലോ!
ആവശ്യങ്ങള്‍ തീരാത്തതെനിക്കല്ലേ എന്നും,
ആവശ്യം വരുമ്പോള്‍ വരുന്നുണ്ടിനിയും.
അമ്മക്ക് ശേഷമേ, തറവാട് വില്‍ക്കൂ,
കഷ്ടപ്പാടുണ്ടെങ്കിലും കാത്തിരിക്കാം ഞാന്‍!

ഇറങ്ങട്ടെ ഞാന്‍, നേരം ഇരുട്ടുന്നു.
കണ്ടേക്കാം ഇനി വരും വര്‍ഷത്തിലും,
പറയാന്‍ മറന്നല്ലോ,
Happy Mother 's Day!


10 comments:

  1. ഏതാണ്ട് ഒരു വര്‍ഷമായി എന്തെങ്കിലും എഴുതീട്ട്.
    ഇന്നലെ എഴുതിയതാണ്, ഇന്നേ പോസ്റ്റ്‌ ചെയ്യാന്‍ കഴിഞ്ഞുള്ളു.

    ReplyDelete
  2. കൊള്ളം.. ഒരു വര്‍ഷം കഴിഞ്ഞു എഴുതുന്നതല്ലേ.. ഒന്നു കൂടി നീണ്ട ബ്ലോഗ്‌ ആകാമായിരുന്നു

    - Shafeeque

    ReplyDelete
  3. "അമ്മേ, ചിരിക്ക നീ,ഇന്ന് മാതൃദിനം!
    ഇന്നൊരു ദിനമെങ്കിലും നിന്നെ സ്നേഹിച്ചിടട്ടെ ഞാന്‍!"

    ഇതില്‍ തന്നെയുണ്ട് എല്ലാം.....

    ReplyDelete
  4. shafs ,
    shas ,
    മാറുന്ന മലയാളി

    നന്ദി.

    ReplyDelete
  5. കലാം..
    നന്നായി.
    നല്ല വരികള്‍.
    വാര്‍ധക്യം കാലത്തിന്റെ ആകുലതയാണ്.
    സ്നേഹവും പരിചരണവും മനസ്സുകൊണ്ടാവശ്യപ്പെടുമ്പോള്‍
    നാമവരെ വൃദ്ധ സദനങ്ങളുടെ മരുഭൂമിയലേക്ക്
    തള്ളിവിടുന്നു.
    നാളെ നാം. ഇല്ലെന്നര്‍ക്കു പറയാനാകും?
    സ്നേഹത്തോടെ..
    റഷീദ്

    ReplyDelete
  6. കവിത നന്നായിരിയ്ക്കുന്നു. ഇന്നത്തെ മക്കള്‍ ഇങ്ങനെ തന്നെ! അഭിനന്ദനങ്ങള്‍

    ReplyDelete
  7. റഷീദ്,
    ബിജുകുമാര്‍
    നന്ദി.
    വന്നതിനും നല്ലവാക്കുകള്‍ക്കും.

    ReplyDelete
  8. മകന്‍ വന്ന്
    കട്ടിലിലിരുന്ന് ജോലിഭാരത്തെ
    അതിലേറെ ഭാരത്തില്‍ വിവരിക്കുമ്പോള്‍
    സമയമാകുന്നുവെന്ന്
    ഓര്‍മ്മപ്പെടുത്തി മരുമകള്‍
    വാതില്പടിയില്‍ നിന്ന് ഘടികാരമാകുമ്പോള്‍....

    ReplyDelete