Tuesday, November 10, 2009

ഒട്ടകപന്തയം


ഉയര്‍ന്നു താഴ്ന്നും,
മുന്നോട്ടാഞ്ഞും,
കുതിച്ചു പായുമൊട്ടകക്കൂട്ടം.

ചാട്ടവാര്‍ വീശി,
ഒട്ടകപ്പുറത്ത്,
കവചമണിഞ്ഞ
കുറിയ രൂപങ്ങള്‍.

ആര്‍ത്തും പേര്‍ത്തും,
അറഞ്ഞു ചിരിച്ചും,
കറുത്ത പട്ട കെട്ടിയ
വെളുത്ത കുപ്പായക്കാര്‍.

ഇടക്കൊരു നൊടി,
നിലവിട്ടൊരൊട്ടകം
മറിഞ്ഞു വീഴുന്നു,
പാതയോരത്ത്.

തെറിച്ചു വീഴുന്നു,
പഴന്തുണിക്കെട്ട്‌ പോല്‍,
ചോരയില്‍ പൊതിഞ്ഞു,
കുറിയൊരാ രൂപം.

ഉരുണ്ടു വന്നപ്പോള്‍,
ഇരുണ്ടൊരു പയ്യന്‍.

ദാക്കയിന്‍ തെരുവില്‍ നിന്നും
പറിച്ചെടുത്ത ബാല്യം.
ഇരുണ്ട ഭൂതത്തില്‍
കരിഞ്ഞ വേരുകള്‍.
ഓര്‍മ്മകള്‍ ഉറയ്ക്കും മുന്‍പേ
കരകടത്തപ്പെട്ടവന്‍.

ഒട്ടകക്കൂട്ടില്‍
പട്ടിണി തിന്നവന്‍.
ഒട്ടകപ്പുറത്തിരുന്നു
വരിയുടഞ്ഞവന്‍.

മരുക്കോട്ടകളിലെ
ആധുനിക അടിമ.

ചുവപ്പും നീലയും തിളങ്ങി,
സ്ട്രെചെരില്‍ അവന്‍ മറഞ്ഞു.

ആര്‍പ്പുവിളികള്‍ വീണ്ടും,
പന്തയം കഴിഞ്ഞിട്ടില്ല!


Written on July 6th 2009

ബൂലോക കവിതയില്‍ പ്രസിദ്ധീകരിച്ചത്.

http://www.ansarburney.org/news/camel-jockeys.html
 
http://acr.hrschool.org/mainfile.php/0205/390/

4 comments:

  1. സങ്കടം തോന്നി!!!

    നമുക്കും ഒരു ബാല്യമുണ്ടായിരുന്നു!

    ReplyDelete
  2. ഒട്ടകക്കൂട്ടില്‍
    പട്ടിണി തിന്നവന്‍.
    ഒട്ടകപ്പുറത്തിരുന്നു
    വരിയുടഞ്ഞവന്‍.


    നല്ല വരികള്‍

    ReplyDelete
  3. ഭായി , ജോണ് ചാക്കോ,
    നന്ദി.

    ReplyDelete
  4. ആര്‍പ്പുവിളികള്‍ വീണ്ടും,
    പന്തയം കഴിഞ്ഞിട്ടില്ല!

    ReplyDelete