Thursday, October 22, 2009

കണക്കെടുപ്പ്

വര്‍ഷാന്ത്യ കണക്കെടുപ്പ്...

കൂട്ടിയും കിഴിച്ചും
ലാഭ നഷ്ട്ടങ്ങള്‍ തിരഞ്ഞ്...
കാലം മായ്ക്കാത്ത പിതൃനഷ്ടം,
ചുക്കി ചുളിഞ്ഞകരങ്ങള്‍ പകര്‍ന്ന
സാന്ത്വനത്തിന്റെ അഭാവം,
ഇന്നും ഓര്‍മ്മകളില്‍ കനല്‍ വിതറുന്നു.

നാട്ടില്‍ പോയി അമ്മയെ കണ്ടു.
വാര്‍ദ്ധക്യവും വൈധവ്യവും തളര്‍ത്തിയ,
വിളര്‍ത്ത മുഖം, ജീവനറ്റ ഒരു കണ്ണ്.
തളര്‍ന്നു തുടങ്ങിയ മറുകണ്ണില്‍,
കരുണ്യത്തിനായി പ്രാര്‍ത്ഥനകള്‍ ബാക്കി.

പൂട്ടിയിട്ട തറവാട്,
വിണ്ടുകീറിയ ചാന്തു തേച്ച തറ.
ചിറകു മുളച്ചവര്‍ പറന്നകന്നപ്പോള്‍ ,
അനാഥമായ കൂട്.
കൂട് കൂട്ടേണ്ട അവസാനത്തെ ആള്‍
പ്രവാസത്തിന്റെ തടവറയില്‍.

ഭാര്യയോടു പിണങ്ങിയത്‌ കിഴിച്ചു.
പെയ്യാന്‍ നിന്ന മിഴിമേഘങ്ങള്‍
കണ്ടു ഞാനെങ്ങിനെ കണ്ണടക്കും.

നന്നായി വരുവാന്‍ ഉണ്ണിയെ തല്ലിയത്,
നിറകണ്ണുമായി, പരിഭവിച്ചു നില്ക്കുന്ന കുഞ്ഞുമുഖം,
കൂട്ടാനും കിഴിക്കാനും കഴിയാതെ...

നാട് കണ്ടതും നാട്ടു മാങ്ങ തിന്നതും
ഞാവല്‍പ്പഴത്തിന്‍ കറയാല് കയ്യും വായും കറുപ്പിച്ചതും
വേനല്‍ കുടിച്ച കുളത്തിലെ ഇത്തിരി വെള്ളത്തില്‍
മുങ്ങാതെ നിവര്‍ന്നു കൊതി തീര്‍ത്തതും
പ്രവാസ വേനലിലെ അവധി മഴയായി
കൂട്ടിയിട്ടും കൂട്ടിയിട്ടും മതി വരാതെ...

കാലങ്ങള്‍ക്കു ശേഷം,
കൂട്ടുകാരോടൊത്ത് വെള്ളിയാങ്കല്ലില്‍,
നിളക്ക് കുറുകെ പടര്‍ന്ന പാലത്തില്‍ ഇരുന്നത്.

കവിതകളെ കണ്ടെടുത്തതും,
അകലങ്ങളിലിരുന്നു അടുത്തറിഞ്ഞ സൌഹൃദങ്ങളും
ആദ്യമായി അച്ചടി മഷി പുരണ്ട അക്ഷരങ്ങളും.

നഷ്ടങ്ങളുടെ ഓര്‍മ്മകള്‍ മറഞ്ഞിരിക്കുന്നത്,
ഒരു പക്ഷെ, നല്ലതിനായിരിക്കാം.

കോളങ്ങള്‍ തിരിക്കാനറിയാതെ,
കൂട്ടിയും കിഴിച്ചും നോക്കുമ്പോള്‍
ഞാന്‍ മാത്രം ബാക്കിയാവുന്നു.

ശരിയായ കണക്കെടുപ്പിനു സമയമായില്ല!

4 comments:

 1. Written on 28th Dec 2008.

  2008- ഇന്റെ അവസാനത്തില്‍ ഒന്ന് തിരിഞ്ഞു നോക്കിയതാണ്.

  ReplyDelete
 2. ശരിയായ കണക്കെടുപ്പിനു സമയമായില്ല!

  ഒരിക്കലും സമയമാകില്ല...!!

  നന്നായിടുണ്ട് കലാം..ഇനിയുമെഴുതുക...
  ആശംസകള്‍!!

  ReplyDelete
 3. ഭായ്,
  നന്ദി, വന്നതിനും അഭിപ്രായങ്ങള്‍ക്കും.

  ReplyDelete
 4. വിണ്ട് കീറിയ തറ്കള്‍ വീണ്ടും കീറി മിനുക്കിയെടുക്കാം..
  താഴിട്ട് പൂട്ടിയ ജാലക വാതില്‍ മറ്റുരു താഴിട്ട് തുറ്ന്നെടുക്കാം....
  പൂക്കളും കായ്കളും മഞും മഴയും വസന്തവുമെല്ലാം വീണ്ടും വന്നേക്കാം...
  വാത്സല്യം പകരാനായി വെമ്പുന്ന്‍ ആ കരങള്‍ക്ക് പകരം ഒരു ആശ്രയമില്ലാതെ നാം അലഞെക്കം..ഇനിയുള്ള് വര്‍ഷങളിലും..
  ജീവിത് മാകുന്ന് ബാലന്‍സ് ഷീറ്റിലെ നികത്താനാകാത്ത് നഷ്റ്റ്മായി തുടര്‍ന്നെക്കാം നമ്മെ വിട്ട്പൊയ സ്നെഹത്തിന്റെയും സ്വാന്ത്നത്തിന്റെയും ഉരവിട്മായ ആ ചുക്കിചുളിഞ കരങള്‍ .....
  വരികള്‍ കണ്ണുകളെ ഈറനണിയിക്കുന്നു...

  ReplyDelete