Thursday, September 3, 2009

പ്രണയ ശിഷ്ടം

വിട ചൊല്ലിപ്പിരിയുമീ വഴികളില്‍ തങ്ങുന്ന,
മിഴിനീര്‍ കണങ്ങളെ തൊട്ടു തലോടുവാന്
വെറുതെ വഴിതെറ്റിയലയുന്നെന്നോര്‍മ്മകള്‍
കോരിയെടുത്തു ഞാന്‍ മനച്ചെപ്പിലടക്കട്ടെ.

ഇനിയും തിരിച്ചുവരാത്തൊരാ ഉഷസ്സന്ധ്യകള്‍
കാത്തൊരാ സൂര്യനെ തേടി കണ്ണടച്ചലഞ്ഞതും,
വിഷാദത്തിന്‍ വിരല്‍പ്പാടില്‍ ഹസിത സ്വപ്നങ്ങളണഞ്ഞതും,
ഓര്‍മ്മിക്കുന്നു ഞാന്‍, ഇനിയെല്ലാം മറക്കട്ടെ,
ഓര്‍മ്മകളുടെ ശ്മശാനത്തില്‍,
മറവിയുടെ പതിരാപ്പൂക്കള്‍ വിരിയട്ടെ.

നന്ദിയുണ്ടേറെ എന്നുള്‍ക്കണ്ണുതുറന്നതില്‍,
നീറുന്ന മോഹങ്ങളെനിക്കു കാണിച്ചു തന്നതില്‍.
നന്ദിയുണ്ടേറെ എന്നുള്‍മ്മനം കീറിപിളര്‍ന്നതില്‍,
വേദനാമൃതം നീ നിറച്ചു തന്നതില്‍.

സ്നേഹം നറുമഞ്ഞുരുകുന്ന വെയിലിന്‍ കനല്‍പാടില്‍,
കണ്ണുനീര്‍ച്ചാലുകലൊഴുകാത്ത നിശ്ശബ്ദപ്രണയത്തിന്‍ സമതലപ്പച്ചപ്പരപ്പില്‍,
പാഴ്ക്കിനാവു പെയ്യാതലഞ്ഞ മിഴിനീര്‍ത്തടങ്ങളില്‍
മുഖം പൊത്തിക്കരയുവന്‍ പോലും കഴിയാതെ,
കാപട്യ മൌനത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു ഞാന്‍.

നീയാണാദ്യം പുഞ്ചിരി തൂകി
ക്കടന്നുവന്നതെന്‍ ഹൃത്തേരിന്‍ പാതയില്‍.
നീയാണാദ്യം പിന്‍-വിളി പാകി
നിറഞ്ഞു നിന്നതെന്‍ നേര്‍വഴി യാത്രയില്‍.
എന്നിട്ടുമെന്തെ എണ്റ്റെയുള്ളില്‍,
ഇത്തിരി കണ്ണീര്‍ക്കണങ്ങള്‍ മാത്രം ബാക്കിയായ്‌?

നിന്‍മിഴി സാഗരം മോഹിച്ചുവെങ്കിലും
അതിലെന്‍ സാന്ത്വനക്കുളിരേകാന്‍ ദാഹിച്ചുവെങ്കിലും
ഞാനറിയാ നിന്‍ മനം മൊഹിച്ചതില്ല ഞാന്‍.
തേനൊലിയാം നിന്‍ തനു കാമിച്ചതില്ല ഞാന്‍.

സാഗരമിഴിവിഷാദത്തിനപ്പുറം
മോഹിതമലര്‍കളായ്‌ പൂത്തതില്ലൊന്നുമേ.
മലര്‍ശരം തൊടുക്കേണ്ട തൂമിഴിത്തുമ്പില്‍
വിഷാദം നീലിച്ചെന്നെത്തോല്പ്പിച്ചതെന്തിന്.
നീലിമ അനന്തശൂന്യമെറിഞ്ഞിട്ടും
ചഞ്ചലം മനം മോഹിച്ചതെന്തിനു.

ഇനിയും വെറുപ്പിന്‍റെ വേരുകളുണര്‍ന്നീല,
ഹൃത്താഴ്‌വരയില്‍ സ്നേഹത്തിന്‍ നീരുറവ നിലച്ചീല.
നിശ്ശബ്ദമൊഴുകിയമരുന്നെന്‍ സ്നേഹ നിള,
തീരങ്ങളില്‍ പച്ചപ്പിന്‍ പാറക്കൂട്ടങ്ങള്‍ തിളങ്ങുന്നു.

ഇനി പുതിയ ജീവിത രണാങ്കണം തേടാം,
പുതിയ അറിവുകള്‍ നോവായ്‌ നേടാം,
കാലം കരുത്താര്‍ന്നു കാത്തിരിപ്പുണ്ടെന്നെ,
കാവ്യമോഹങ്ങള്‍ കതിര്‍ തീര്‍ക്കുവാനായ്‌!

5 comments:

 1. "ഇനി പുതിയ ജീവിത രണാങ്കണം തേടാം,
  പുതിയ അറിവുകള്‍ നോവായ്‌ നേടാം,
  കാലം കരുത്താര്‍ന്നു കാത്തിരിപ്പുണ്ടെന്നെ,
  കാവ്യമോഹങ്ങള്‍ കതിര്‍ തീര്‍ക്കുവാനായ്‌!"

  Written in 1994
  കഥയും, കവിതയും, പ്രണയവും, വിപ്ലവവും സിരകളില്‍ തുടിച്ച ക്യാമ്പസ്‌ കാലത്തിന്റെ ഓര്‍മ്മകളില്‍ നിന്നും കണ്ടെടുത്തത്...
  മാറ്റങ്ങളില്ലാതെ ഒരു കൌമാരക്കാരന്റെ കൌതുകത്തോടെ...

  ReplyDelete
 2. കലാം ഭായിയിയുടെ(എന്റെ പ്രിയപ്പെട്ട ഭായ്)ബ്ലോഗ്
  ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു.
  കവിതയുടെ ഒരു പൂവില്‍ നിന്നും
  കവിതകളുടെ ഒരു പൂക്കാലം
  തീര്‍ക്കാന്‍
  കഴിയട്ടെ.
  പ്രാര്‍ഥനയൊടേ

  ReplyDelete
 3. നന്ദി ഹാരിസ്‌,
  വളരെ സന്തോഷമുണ്ട്, ഈ കരുതലിനു.

  ReplyDelete
 4. കാലമേറെ ചെന്നിട്ടും കൌമാരാന്ത ദിനങ്ങളില്‍ കുരുങ്ങിക്കിടക്കുകയാണോ എന്നോരുല്ഭയം ഉണ്ടായിരുന്നു. മനസ്സിന്നോരിക്കലും പ്രയമാവുകയില്ലേ? എന്നൊരു ചോദ്യം! എന്തായാലും ഞാനോറ്റക്കല്ല എന്നാ ആശ്വാസം ഈ പഴയ കവിതാശകലം വീണ്ടും വായിക്കുമ്പോള്‍ കിട്ടുന്നുണ്ട്‌.

  തിരക്കേറിയ ഈ ജീവിതത്തില്‍ നിന്റെ കുറിപ്പുകള്‍ വായിക്കാന്‍ സമയവും സൌകര്യവും കിട്ടുന്നില്ലല്ലോ എന്നൊരു വേദന...

  പിന്നെ.. ജീവിതം തന്നെ ഒരു കാല്‍പനിക കവിതയാക്കി അതിലലിഞ്ഞു കിടക്കുന്നതിനാല്‍ എഴുതുവാനോ വായിക്കുവാനോ ഉള്ള താല്‍പര്യവും പോയ്പോകുന്നു..

  എന്നാലും പ്രിയ ചങ്ങാതിക്ക്, ഹൃദയത്തിന്നടിത്തട്ടില്‍ നിന്നൊരു അഭിനന്ദനക്കുറിപ്പ്..

  ReplyDelete
 5. നന്ദി ത്യാഗു,
  ഒരാള്‍ കൂടി കൂട്ടിനുണ്ട് എന്നറിയച്ചതിനു.
  കാലം നമ്മെ മാറ്റാതിരിക്കട്ടെ...

  ReplyDelete