Sunday, February 20, 2022

മൈലാഞ്ചി ചെടികള്‍ പുഞ്ചിരിക്കുമ്പോൾ...

ഭാര്യ എടുത്തു തന്ന ഷര്‍ട്ടും മുണ്ടും അണിഞ്ഞ് മൊയ്തീന്‍കുട്ടി ഹാജി പള്ളിയിലേക്ക് ഇറങ്ങി. വെള്ളിയാഴ്ച്ച ജുമഅക്ക്  പോകുമ്പോള്‍ ചുളിവു വീഴാത്ത തൂവെള്ള വസ്ത്രം വേണമെന്ന് പുള്ളിക്ക് നിർബന്ധമാണ്‌. ഭാര്യ അത് നേരത്തെ തന്നെ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു. സമയം പത്തര മണിയെ ആയിട്ടുള്ളൂ. അങ്ങാടിയില്‍ ആളുകള്‍ ഉണ്ട്. ചെറുപ്പക്കാർക്ക് പള്ളിയില്‍ പോകാന്‍ സമയം ആകുന്നതെ ഉള്ളൂ. നേരത്തെ പോയി പള്ളിയില്‍ ഇരുന്നു സൂറത്തു കഹഫ്*  ഓതലും പ്രാര്ത്ഥിക്കലും ഹാജിയുടെ ശീലമാണ്. പ്രവാചകന്റെ മാതൃകയാണ്. 

ജുമാഅത്ത് പള്ളിയിലേക്ക് അങ്ങാടിയില്‍ നിന്നും ഒരു കിലോമീറ്ററോളം ദൂരമുണ്ട്. പോകുന്ന വഴിക്ക് ആശുപത്രിക്കടുത്തു മെയിന്‍ റോഡിലേക്ക് വന്നു ചേരുന്ന പഞ്ചായത്ത് റോഡുണ്ട്‌. ഹാജി അവിടെ എത്തുന്ന ‌സമയത്ത് മിക്കവാറും സുഹൃത്ത് അബ്ദുറഹ്മാൻ അവിടെ കാത്ത് നിൽക്കാറുണ്ട്. പിന്നെ അവിടന്ന് ഒന്നിച്ചാണ് നടന്ന് പോവാറ്. വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പറഞ്ഞങ്ങിനെ നടക്കും. രണ്ടു പേരും കളിക്കൂട്ടുകാരാണ്. കുട്ടിക്കാലം മുതൽക്കേ ഒന്നിച്ച് പഠിച്ചതാണ്. പുഴക്കക്കരെ ഹൈസ്കൂളിലേക്ക് മഴക്കാലത്ത് തോണിയിലും വേനലിൽ നടന്നും പോയിരുന്നത് ഒന്നിച്ചാണ്. മദിച്ചൊഴുകുന്ന നിളയേയും കിതച്ചൊഴുകുന്ന നിളയേയും ഒരേ പോലെ നെഞ്ചിലേറ്റിയവരാണ്. മുതിർന്നപ്പോൾ അബ്ദുറഹമാൻ ഗൾഫിലേക്കും മൊയ്തീൻകുട്ടി ഉത്തരേന്ത്യയിലേക്കും പോയി. പിന്നീട് ഏറെക്കാലത്തേക്ക് തമ്മിൽ കണ്ടതേയില്ല. ഉത്തരേന്ത്യയിൽ കൺസ്ട്രക്ഷൻ കോൺട്രാക്ട് വർക്ക് ചെയ്തിരുന്ന മൊയ്തിൻകുട്ടി അവിടത്തെ രാഷ്ട്രീയ കാലാവസ്ഥ മാറിയതുകൊണ്ട്, വർഷങ്ങൾക്ക് ശേഷം കേരളത്തിലേക്ക് പറിച്ചു നടുമ്പോൾ അത്യാവശ്യം സാമ്പത്തിക ശേഷിയും പേരിന്റെ കൂടെ ഹാജിയും സംസാരത്തില്‍ ഇടയ്ക്കിടെ ഹിന്ദിയിൽ 'അഛാ അഛാ' എന്ന വാക്കും വന്നു ചേർന്നിരുന്നു. നാട്ടിൽ നിന്നും എറേ നാൾ വിട്ടു നിന്നത് കൊണ്ട് പുതിയ തലമുറയിലെ ആളുകളുമായി മൊയ്തീൻകുട്ടി ഹാജി അധികം പരിചയമുണ്ടായിരുന്നില്ല. അവർക്ക് തിരിച്ചും. ഒന്നു രണ്ടു വർഷം കഴിഞ്ഞാണ് അബ്ദുറഹ്മാൻ ഗൾഫ് മതിയാക്കി നാട്ടിൽ വരുന്നത്. അറബി വീട്ടിലെ ഡ്രൈവർ ജോലി കൊണ്ട് കൂടുതൽ സമ്പാദിച്ചിട്ടൊന്നുമില്ലെങ്കിലും മക്കളെ നന്നായി പഠിപ്പിക്കാനും മൂത്ത മകനെ ഗൾഫിൽ കൊണ്ട് പോയി നല്ല ജോലിയിലാക്കാനും കഴിഞ്ഞിരുന്നു. പഴയ കൂട്ടുകാർ ഓർമ്മകൾ ചികഞ്ഞെടുത്തു സൗഹൃദം പൊടി തട്ടിയെടുത്തു. സ്കൂളിൽ പോയിരുന്നതിന്റെ ഓർമ്മയിലെന്നവണ്ണം വെള്ളിയാഴ്ച്ച പള്ളിയിൽ പോക്ക് ഒന്നിച്ചാക്കി. ഒന്നിച്ചുള്ള നടത്തത്തിൽ വിശേഷങ്ങൾ കൈമാറി. വിഷമങ്ങളും സന്തോഷങ്ങളും പരസ്പരം പറഞ്ഞു, പകുത്തു. 

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് മകളുടെ വിവാഹം ശരിയായ കാര്യം, അബ്ദുറഹ്മാന്‍, ഹാജിയോടു പറഞ്ഞത്. മകൻ നാളെ വരുമെന്നും, അടുത്ത വെള്ളിയാഴ്ച്ച നിശ്ചയം ഉണ്ടെന്നും മൊയ്തീൻ കുട്ടി നിർബന്ധമായും വരണമെന്നും സന്തോഷം പകർന്നു. 

"ആദ്യായിട്ട് ക്ഷണിക്ക്ണത് അന്നേണ്. 

ന്റെ കയ്യിലൊന്നൂല്ല്യ! എല്ലാം ഓനാ ചെയ്യണത്"

അതു പറഞ്ഞപ്പോൾ കയ്യിലൊന്നുമില്ലാത്തതിന്റെ ദുഃഖത്തേക്കാൾ പ്രാപ്തനായ മകനെക്കുറിച്ചുള്ള അഭിമാനമാണ് മുഖത്ത് തിളങ്ങിയത്. 

എങ്കിലും ഹാജിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. 

"നിനക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് ചോദിച്ചൂടെ?" 

 "അന്റെ കയ്യീന്നും കൊറേ ആയീലെ വാങ്ങ്ണ്. ഷിഹാബ് വന്നാൽ ഓന്റെ കയ്യീന്ന് ഒക്കെ ഞാൻ വേടിച്ച് തര്ണണ്ട്. " 

 ഓർമ്മകളിൽ മുഴുകി ആശുപത്രിക്കടുത്തെത്തിയപ്പോൾ അബ്ദുറഹ്മാൻ കാത്തു നിൽക്കാറുള്ള വഴിയിലേക്ക് ഹാജി അറിയാതെ നോക്കിപ്പോയി. വെളുക്കെചിരിച്ചു കൊണ്ട് ഇനിയൊരിക്കലും പ്രിയ കൂട്ടുകാരൻ തന്നെയും കാത്ത് അവിടെ നിൽക്കില്ല... കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചഭക്ഷണം കഴിഞ്ഞു വിശ്രമിക്കുമ്പോഴാണ് ഒരു നെഞ്ച് വേദന വന്നത്. ആശുപത്രിയിലേക്ക് എത്തിയില്ല...

 ഒരു ദീര്ഘ നിശ്വാസം വിട്ടു കൊണ്ട് ഹാജി വീണ്ടും നടന്നു. പള്ളിയിലേക്ക് ഇനി പകുതി ദൂരം കൂടിയെ ബാക്കിയുള്ളൂ. പക്ഷേ, ഹാജിക്ക് അത് വലിയ ദൂരമായി തോന്നി. ശരീരത്തിനും മനസ്സിനും ഭാരം വര്ദ്ധിച്ചപോലെ പോലെ തോന്നുന്നു. കൂട്ടുകാരൻ സരസ സംഭാഷണത്തിലൂടെ ലഘൂകരിച്ചിരുന്ന നടത്തത്തിന്റെ  പ്രയാസം ഇപ്പോൾ ഇരട്ടിയായി തോന്നുന്നു, പ്രായവും. അബ്ദുറഹ്മാന്റെ മകളുടെ നിശ്ചയം ഉണ്ടെന്ന് പറഞ്ഞത് ഇന്നാണ്. ഉപ്പ മരിച്ചെങ്കിലും ഉപ്പാന്റെ ആഗ്രഹം പോലെ തന്നെ നിശ്ചയം നടക്കട്ടെ എന്നു തീരുമാനിച്ചത് മകൻ ആണ്. അവൻ തന്നെയാണ് എല്ലാവരേയും ക്ഷണിക്കുന്നത്. ഹാജിയെ പരിചയമില്ലാത്തത് കൊണ്ടാവും ഹാജിയുടെ അടുത്ത് ക്ഷണിക്കാൻ വന്നിട്ടില്ലായിരുന്നു. 

ജുമുഅ കഴിഞ്ഞു ഹാജി നേരെ കബർസ്ഥാനിലേക്ക് നടന്നു. ഉപ്പാന്റെയും ഉമ്മാന്റെയും കബറുകളിൽ പോയി പ്രാർത്ഥിച്ച ശേഷം പിന്നെ അബ്ദുറഹ്മാന്റെ കബറിന്നരികിലേക്ക് പോയി. അവിടെ ആരുമില്ലായിരുന്നു. ഒരാഴ്ച്ച മുന്പ് മൂന്ന് പിടി മണ്ണ് വാരിയിട്ടു വിട പറഞ്ഞ നാട്ടുകാരും ബന്ധുക്കളും ഇനി വരില്ല. വളരെ വേണ്ടപ്പെട്ടവര്‍ മാത്രമേ ഇനി ഓര്മ്മ്കളുടെ തിരതള്ളലില്‍ പ്രാർഥനകളുമായി ഈ കബറിടം തേടി വരികയുള്ളൂ... മണ്ണു പുതുമ മാറാതെ ചുവന്നു കിടക്കുന്നു. മീസാൻ കല്ലിന്നരികിൽ നട്ട മൈലാഞ്ചിച്ചെടിയിൽ ഒരു നാമ്പ് പുതുതായി തളിർത്തു, പുഞ്ചിരിച്ചു നിൽക്കുന്നു. അബ്ദുറഹ്മാൻ സ്വർഗ്ഗത്തിലിരുന്നു പുഞ്ചിരിക്കുന്നുണ്ടാവണം. പുന്നാര മോളുടെ വിവാഹ നിശ്ചയമാണിന്ന്. സന്തോഷിക്കാതിരിക്കാൻ കഴിയില്ല. ഹാജി പ്രാർത്ഥനകളിൽ മുഴകി കണ്ണടച്ചു നിന്നു.

 "നിന്നെ ക്ഷണിച്ചിട്ടില്ലല്ലേ?"

‌പെട്ടെന്ന്  ഇടറിയ ഒരു ശബ്ദം കേട്ട് ഹാജി കണ്ണ് തുറന്നു, ചുറ്റും നോക്കി. അടുത്തൊന്നും ആരുമില്ല. മൈലാഞ്ചിച്ചെടി പതിവില്ലാത്തവണ്ണം ഇളകിയാടിക്കൊണ്ടിരുന്നു.  "സാരമില്ലടോ കുട്ടികൾക്ക് അറിയാത്തത് കൊണ്ടല്ലേ...''

‌ഹാജി മനസ്സിൽ പറഞ്ഞു. കണ്ണു തുടച്ചു കൊണ്ട് തിരിഞ്ഞു നടന്നു. ഒരു ചെറുപ്പക്കാരൻ ആ വഴിയിലേക്ക് നടന്ന് വരുന്നു. അബ്ദുറഹ്മാന്റെ മകൻ ഷിഹാബ് ആണ്. അയാൾ അമ്പരപ്പോട് കൂടി ഹാജിയെ  നോക്കി. ഹാജി സലാം പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു. ഷിഹാബ് വീണ്ടും തിരിഞ്ഞു നോക്കി എന്തോ ആലോചിച്ചു കൊണ്ടു നിന്നു.


വീട്ടിലെത്തി ഹാജി ഷർട്ട് അഴിച്ചിട്ടു. ഭക്ഷണം വിളമ്പിക്കോളാൻ ഭാര്യയോട്‌  പറഞ്ഞു.

"അപ്പൊ ഇങ്ങള് അബ്ദുറഹ്മാന്റെ മകളുടെ നിശ്ചയത്തിനു പോണില്ലേ? ഇങ്ങടെ സ്വന്തം ആളല്ലേ?" 

ഭാര്യ ചോദ്യഭാവത്തില്‍ ഹാജിയെ നോക്കി. ഹാജി രൂക്ഷമായി അവരെ നോക്കി "ഇല്ല" എന്ന് കടുപ്പിച്ചു പറഞ്ഞു. ടേപ്പ് റെക്കോര്ഡറില്‍ ഇഷ്ടഗായകനായ റാഫിയുടെ "ഓ ദുനിയാ കി രക് വാലെ" വെച്ച് ഉമ്മറത്ത്‌ പോയി ചാരുകസേരയില്‍ കിടന്നു. ഉത്തരേന്ത്യയിലെ ജീവിതത്തില്‍ കൂടെ കൂടിയതാണ് റാഫി. ആ പാട്ട് കേൾക്കുമ്പോള്‍ ഹാജിയുടെ കണ്ണുകള്‍ നിറയും.

ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാണ് ഹാജി മയക്കത്തില്‍ നിന്നും ഉണർന്നത്. ഗേറ്റു തുറന്ന് വരുന്ന ചെറുപ്പക്കാരനെ പള്ളിയിൽ വെച്ച് കുറച്ച് മുൻപ് കണ്ടത് കാരണം പെട്ടെന്ന് തിരിച്ചറിഞ്ഞു. ഷിഹാബ്, അബ്ദുറഹ്മാന്റെ മകൻ! 

ഇത്തവണ അത്ഭുതം ഹാജിക്കായിരുന്നു. നിശ്ചയത്തിന് പോകാൻ ഒരുങ്ങേണ്ട സമയത്ത് ഇവനെന്താ ഇവിടെ? 

ഷിഹാബ് സലാം പറഞ്ഞു കൊണ്ട് ഉമ്മറത്തേക്ക് കയറി. 

"ഞാൻ, അബ്ദുറഹ്മാന്റെ മകനാണ്, ഷിഹാബ്."

"ഉവ്വ്, എനിക്കറിയാം. വാ, ഇരിക്ക്."

ഹാജി അത്ഭുതം മറച്ചുവെച്ചു കൊണ്ട് നല്ല ആഥിതേയനായി.

"പക്ഷേ, എനിക്കറിയില്ലാര്‍ന്നു. പള്ളീൽന്ന് ഉപ്പാന്റെ ഖബറിന്റെ അടുത്തു ദുഅർക്ക്ണത്** കണ്ടപ്പോഴാണ് ഉപ്പാന്റെ ഇത്ര അടുത്ത ആളാണെന്ന് മനസ്സിലായത്. ഇങ്ങള് നിശ്ചയത്തിന്ന് ഉണ്ടായിട്ടില്ലെങ്കിൽ ഉപ്പാക്ക് തൃപ്തി ആവൂല. വിളിക്കാൻ വൈകിയതിന് എന്നോട് പൊറുക്കണം. ങ്ങള് എന്തായാലും വരണം."

ഷിഹാബ് വികാരാധീനനായി. 

"അതിനിപ്പൊ എന്താ, ഞാൻ വരാല്ലോ...

അബ്ദുറഹ്മാന്റെ മക്കള് ഇനിക്കിന്റെ മക്കളെപ്പോലെ തന്നെ അല്ലേ?"

ഹാജി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.

ഷിഹാബ് ഹാജിയെ കെട്ടിപ്പിടിച്ചു. ഹാജി വല്ലാതായി. ശിഹാബിനെ നെഞ്ചോട്‌ ചേര്ത്ത്  അമര്ത്തി  ഹാജി കണ്ണുകള്‍ തുടച്ചു... 

ഭക്ഷണം വിളമ്പി വെച്ചു ഹാജിയെ വിളിക്കാന് വന്ന ഭാര്യ,  ഒരു ചെറുപ്പകാരന്റെ കൂടെ ആഹ്ളാദത്തോടെ നടന്നു പോകുന്ന ഹാജിയെ കണ്ടു അത്ഭുതത്തോടെ  നോക്കി നിന്നു.

--------------------

സൂറത്തു കഹഫ്* - ഖുറാനിലെ ഒരു അദ്ധ്യായം

ദുഅർക്ക്ണത്** - പ്രാർഥിക്കുന്നത്


ഉൾനാടൻ ന്യൂസ്  19-02-2022 - ഇൽ പ്രസിദ്ധീകരിച്ചത്.  No comments:

Post a Comment