Tuesday, December 12, 2017

നഷ്ടകവിത...

പൂക്കളെ കുറിച്ച് കവിത എഴുതണം
പൂവാടി തന്നെ കാണണം

ഗുണ്ടല്‍പേട്ട്...
മഞ്ഞക്കടലായി
സൂര്യകാന്തിപ്പൂക്കള്‍.
ആളൊപ്പം പൊക്കത്തില്‍
ആളുന്ന സൂര്യമുഖങ്ങള്‍.

തടമെടുക്കുന്ന പെണ്ണുങ്ങള്‍,
ഇടയിലൊരു കറുത്ത പൂവ്.
ചെമ്പിച്ച മുടി, വരണ്ട മുഖം,
വിടര്‍ന്ന കണ്ണുകള്‍...
കുനിഞ്ഞിരുന്നു മണ്ണിളക്കുന്നു.

വെറുതെ ഒരു കൌതുകം മുളച്ചു.
"ഇന്ന് തിങ്കളാഴ്ചയല്ലേ,
നിനക്ക് സ്കൂളില്‍ പോവണ്ടേ പെണ്ണേ?..."
മുഖം വീര്‍പ്പിച്ചു തുറിച്ചു നോട്ടം.

ഒക്കത്തൊരു കൈകുഞ്ഞുമായി
പൂക്കള്‍ക്കിടയില്‍ നിന്നും
അമ്മ തലനീട്ടി.
"അവള്‍ക്കു ദിവസം നൂറു രൂപ കിട്ടും
സ്കൂളില്‍ പോയാല്‍, സാറ് തരുമോ രൂപ?"...

കവിത നഷ്ടപെട്ടവനായി ഞാന്‍ നില്ക്കേ,
പൊടി പുരണ്ട കുഞ്ഞുമുഖത്ത്,
കണ്ണുനീര്‍ തുള്ളികള്‍ കവിതയെഴുതുന്നു...