Monday, January 8, 2018

വഴികള്‍... കാലങ്ങള്‍...


മുപ്പത്തഞ്ചു ഉറുപ്പ്യണ്ട്, ഓട്ടോ വിളിച്ചു പൊയ്‌ക്കോ... ബസ്സില് പോയാല്‍ ചോറും കൂട്ടാനും ഒക്കെ പോവും, തിരിച്ചു വരുമ്പോ ജിനീഷിന്റെ കൂടെ ബൈക്കില് വന്നാല്‍ മതി. പോണ വഴിക്ക് വേറെ എവിടേം കേറണ്ട.'
അവസാനത്തെ വാചകം സരോജിനി കുറച്ചു കനത്തില്‍ തന്നെ പറഞ്ഞു. കോര്‍മ്മേട്ടന്‍ തലകുലുക്കി സമ്മതിച്ചു. പിറുപിറുത്തുകൊണ്ടു തിരിഞ്ഞു നടന്നു.
'കുടി നിര്‍ത്തീട്ട് എത്ര കാലമായി. ഇപ്പോഴും മരുമോള്‍ക്ക് സംശയം മാറീല്ല്യ.'
കോര്‍മ്മേട്ടന്റെ പേരക്കുട്ടി ജിനീഷിന്റെ പെണ്ണ് പ്രസവിച്ചു. മുതുമുത്തശ്ശനായി. ആശുപത്രിയിലേക്ക് ചോറും കൂട്ടാനും കൊണ്ടു പോവാണ്. കുട്ടിയെ കണ്ടിട്ടുമില്ല. അയാള്‍ ചോറ്റുപാത്രവും തൂക്കി പിടിച്ചു പാടത്തേക്ക് ഇറങ്ങി.
പണ്ടൊക്കെ മുണ്ടകന്‍ കൊയ്താല്‍ മൂക്കിനു നേരെ എന്നാണു. ഇപ്പോള്‍ കൃഷിയൊന്നും ഇല്ലാത്തത് കൊണ്ട് വെള്ളമില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും മൂക്കിനു നേരെ നടക്കാം. 
കണ്ണെത്താ ദൂരം പരന്നു കിടന്നിരുന്ന പാടശേഖരത്തില്‍ ഇപ്പോള്‍ കൃഷി ഒട്ടും ഇല്ല. അങ്ങിങ്ങായി എന്തെങ്കിലും കണ്ടെങ്കില്‍ ആയി. റോഡ് എത്തുന്നിടത്തൊക്കെ വീടുകള്‍ വന്നിരിക്കുന്നു. ബാക്കിയുള്ളവ പുല്ലു മുളച്ചു കിടക്കുന്നു.

തോട് തിരിയുന്ന ഭാഗത്ത് കുഞ്ഞിപ്പാപ്ലടെ കണ്ടങ്ങളാണ്. അവയും പുല്ലു മൂടി വരമ്പൊന്നും തിരിച്ചറിയാന്‍ പറ്റാതെ കിടക്കുന്നു. ഓര്‍മ്മവെച്ച കാലം മുതല്‍ക്കേ കോര്‍മ്മേട്ടന്റെ വിയര്‍പ്പു വീണ മണ്ണാണത്. കുഞ്ഞിപ്പാപ്ലടെ വീട്ടിലെ സ്ഥിരം പണിക്കാരനായിരുന്നു കോര്‍മ്മേട്ടന്‍. ഈ വരമ്പുകള്‍ക്ക് വേണ്ടി അയല്‍പക്കത്തെ കൃഷിക്കാരോട് എത്ര തല്ലുകൂടിയതാണ്.
കുഞ്ഞിപ്പാപ്ലക്ക് വയ്യാതാവുന്നത് വരെ കൃഷി ഉണ്ടായിരുന്നു. കൃഷി നഷ്ടമാണെന്നു ഗള്‍ഫിലുള്ള മക്കള്‍ പറയാറുണ്ടെങ്കിലും, പാടം തരിശായിടാന്‍ കുഞ്ഞിപ്പാപ്ല സമ്മതിക്കാറുണ്ടായിരുന്നില്ല. വയ്യാതായപ്പോള്‍ നിര്‍ത്തി. കുഞ്ഞിപ്പാപ്ലള മരിച്ചതിനു ശേഷം ആരും ഇങ്ങോട്ട് കടക്കാറെ ഇല്ല. ഓര്‍മ്മകളുടെ ഭാരം താങ്ങാനാവാതെ കോര്‍മ്മേട്ടന്‍ കുറച്ചു നേരം നിന്നു. 
അപ്പോഴാണ് അയാള്‍ ആ കാഴ്ച ശ്രദ്ധിച്ചത്. പാടത്ത് വിവിധതരത്തിലുള്ള പുല്‍ച്ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നു. മനുഷ്യന്‍ ഉപേക്ഷിച്ച മണ്ണില്‍ പ്രകൃതിയുടെ വിവേചനമില്ലാത്ത വിത. 
ഇടയിലൊരു ഓര്‍മ്മതെറ്റു പോലെ, ഒരു നെല്‍ച്ചെടി സ്വര്‍ണ്ണവര്‍ണ്ണക്കതിര്‍ക്കുല ചൂടി നാണിച്ചു തലതാഴ്ത്തി നില്‍ക്കുന്നു. 
അത് കണ്ടപ്പോള്‍ കോര്‍മ്മേട്ടന്റെ ഉള്ളില്‍ വല്ലാത്ത ഒരാഹ്ലാദം നുരപൊട്ടി. അയാള്‍ ആ നെല്‍ച്ചെടിക്കടുത്തു ചെന്നിരിന്നു. അമ്മ കുഞ്ഞിനെ എന്ന പോലെ അതിനെ നെഞ്ചോട് ചേര്‍ത്തു. പൂട്ടിയ കണ്ടത്തിലെ ചെളിയുടെ മദിപ്പിക്കുന്ന ഗന്ധം പേറി കാലങ്ങള്‍ക്കപ്പുറത്ത് നിന്നും ഒരിളം തെന്നല്‍ കോര്‍മ്മേട്ടനെ തലോടി കടന്നുപോയി. എന്തിനെന്നില്ലാതെ കോര്‍മ്മേട്ടന്റെ കണ്ണ് നിറഞ്ഞു.

'എന്താ കോര്‍മ്മേട്ടാ കാട്ട്ണ്. അവിടിരുന്നു ഉറങ്ങാണോ?'
അയാള്‍ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നു. കുഞ്ഞിപ്പാപ്ലടെ ഇളയ മകനാണ്. കൂടെ കുട്ടികളുമുണ്ട്. അയാള്‍ക്ക് അത്ഭുതം തോന്നി. കാലങ്ങളായി ഈ വഴിക്കൊന്നും അവരെ കണ്ടിട്ടില്ല. കുടുംബസമേതം ഗള്‍ഫിലാണ്. ഇന്നെന്തു പറ്റിയാവോ?
'അഞ്ചു പത്തു കൊല്ലായി ഈ വഴിക്ക് വന്നിട്ട്. ലീവിന് വരുമ്പോള്‍ ഒന്നിനും സമയം കിട്ടാറില്ല. ഇപ്പോള്‍ ഞാന്‍ മക്കള്‍ക്ക് നെല്ലുണ്ടാവുന്നത് കാണിച്ചു കൊടുക്കാന്‍ വന്നതാ. അവിടെ ഇതൊന്നും കാണാന്‍ പറ്റില്ലല്ലോ...'
'ഇപ്പൊ ഇവിടേം കാണാന്‍ ഇല്ലാണ്ടായിക്ക്ണ്...' കോര്‍മ്മേട്ടന്‍ എന്തൊക്കെയോ മനസ്സില്‍ ഓര്‍ത്ത് കൊണ്ടാണ് മറുപടി പറഞ്ഞത്. 
'കോര്‍മ്മേട്ടനു ഇപ്പോഴും ഇങ്ങിനെ നടക്കാനുള്ള ആരോഗ്യമൊക്കെ ഉണ്ടല്ലേ? നൂറു കഴിഞ്ഞിട്ടുണ്ടാവില്ലേ?' 
'നൂറൊക്കെ കഴിഞ്ഞ്ട്ടുണ്ടാവും. ഇപ്പൊ തീരെ വയ്യാണ്ടായ്ക്കുന്നു.' 
കോര്‍മ്മേട്ടന്‍ നടത്തം തുടര്‍ന്നു. അയാള്‍ കൃഷിയുള്ള ഭാഗത്തേക്ക് മക്കളെയും കൂട്ടികൊണ്ടു നടന്നു പോയി.
കുഞ്ഞിപ്പാപ്ലടെ മക്കള്‍ക്കൊന്നും കോര്‍മ്മേട്ടനെ വല്യ താല്പര്യമില്ലായിരുന്നു. 'ഉപ്പ എന്തിനാ ഈ വയസ്സനെ പണിക്കു വിളിക്കുന്നത്, പകുതി പണി ചെയ്യാന്‍ വയ്യ. കൂലി ഒട്ടും കുറവൂല്ല്യ.' 
പുറത്തു കോര്‍മ്മേട്ടന്‍ കേള്‍ക്കുന്നുണ്ടെന്ന് അവര്‍ അറിഞ്ഞു കാണില്ല.
ശബ്ദം താഴ്ത്തിയാണെങ്കിലും കുഞ്ഞിപ്പാപ്ല പറയുന്ന മറുപടിയും കോര്‍മ്മേട്ടന്‍ കേള്‍ക്കാറുണ്ട്.
'ഓന്‍ പാവല്ലെടാ... ഓന് ഞമ്മടെ പണിക്കാരനല്ലേ... ഓനെ നമ്മള് വിളിച്ചില്ലെങ്കില്‍ പിന്നെ ആരാ വിളിക്കാ...'
തന്നെക്കാള്‍ പത്തു വയസ്സ് താഴെയാണ് കുഞ്ഞിപ്പാപ്ല. കുട്ടിക്കാലത്തു പാടത്തും പറമ്പിലുമൊക്കെ ഒന്നിച്ചു കളിച്ചു നടന്നിട്ടുണ്ട്. ആ ഓര്‍മ്മകള്‍ മൂപ്പര് മറന്നിട്ടില്ല. പഴയ കളിക്കൂട്ടുകാരനോടുള്ള സ്‌നേഹം കാലങ്ങള്‍ക്ക് ശേഷവും അണയാതെ നിന്നിരുന്നു.

നടന്നു നടന്നു പഞ്ചായത്ത് റോഡിലെത്തി. പാടത്തിനെ മുറിച്ചു കൊണ്ടാണ് പഞ്ചായത്ത് റോഡു കടന്നു പോകുന്നത്. പേരക്കുട്ടിയുടെ കുഞ്ഞിന്റെ മുഖം കാണാനുള്ള പൂതി കൂടി വരുന്തോറും നടത്തം വേഗം കൂടി. പണ്ട് ചാത്തൂനെ കാളി പ്രസവിച്ചതൊക്കെ ഈയടുത്ത് കഴിഞ്ഞ പോലെ ഓര്‍മ്മയുണ്ട്. എത്ര പെട്ടെന്നാണ് കാലം നീങ്ങുന്നത്. പാടത്ത് പണിയെടുത്തു കൊണ്ടിരുന്നപ്പോള്‍ ചാത്തപ്പനാണ് വിളിച്ചു പറഞ്ഞത്. കേട്ട പാടെ പണി പൂര്‍ത്തിയാക്കാതെ ഓടി. ആദ്യമായി അച്ചനാവുന്നതിന്റെ ആവേശമായിരുന്നില്ല. വീട്ടില്‍ കാളി ഒറ്റക്കായിരുന്നു. ആരാണ് അവളെ നോക്കുന്നത് എന്നൊന്നും ഒരു നിശ്ചയവുമില്ല. അതായിരുന്നു ബേജാറ്. ചാത്തപ്പന് അതൊന്നും അറിയില്ലായിരുന്നു. അവന്‍ പയ്യനായിരുന്നല്ലോ. 
ഓടിയോടി ഈ പഞ്ചായത്ത് റോഡിന്റെ അടുത്ത് എത്തിയപ്പോഴാണ്. ആത്തോലമാര് വരുന്നുണ്ടെന്നു വിളിച്ചു പറഞ്ഞു കൊണ്ടു ആള് ഓടി വരുന്നു. അവര് പോകുന്നത് വരെ റോഡിനടുത്ത് പാടത്തു കെട്ടി വെച്ച  നെല്‍കറ്റക്ക് പിന്നില്‍ ഒളിച്ചിരുന്നു. അവര്‍ കണ്ടിരുന്നെങ്കില്‍ തീണ്ടാലാവുമെന്നു പറഞ്ഞു അടി കിട്ടുമായിരുന്നു. ഒരിക്കല്‍ കിട്ടിയിട്ടുമുണ്ട്.
എത്ര നേരമാണ് അങ്ങിനെ ഇരുന്നത് എന്നോര്‍മ്മയില്ല. കൊയ്തു വെച്ച നെല്ക്കറ്റയുടെ മണം മൂക്കിലടിക്കുന്നു. കൊതിപ്പിക്കുന്ന മണം. കാളിയുടെ അവസ്ഥ എന്തെന്ന് അറിയാഞ്ഞുള്ള ആധിയില്‍ നെഞ്ചു പടപടാന്നു മിടിക്കാന്‍ തുടങ്ങി.
ഒടുക്കം അവരെല്ലാം പോയി എന്ന് ഉറപ്പായപ്പോള്‍ റോഡു മുറിച്ചു വീണ്ടും ഓടി. വീട്ടില്‍ എത്തിയപ്പോള്‍ ആണ് നിന്നത്. കിതച്ചു കൊണ്ടു കാളിയുടെ അടുത്തെത്തിയപ്പോള്‍ കാളി തളര്‍ന്ന ചിരിയോടെ കിടക്കുന്നു. വയറ്റാട്ടിയും അപ്പുറത്തുള്ള പെണ്ണുങ്ങളുമെല്ലാം അവിടെയുണ്ട്. അപ്പോള്‍ ആണ് ശ്വാസം നേരെ വീണത്. തന്റെ അങ്കലാപ്പ് കണ്ടു അവരൊക്കെ ചിരി തുടങ്ങി. പിന്നെ വയറ്റാട്ടി കറുത്ത് സുന്ദരനായ ഒരു കുഞ്ഞിനെ കയ്യില്‍ തന്നു. അതിരറ്റ ആഹ്ലാദത്തോടെ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തു. ശരീരവും മനസ്സും തണുത്തു.

നടന്നു നടന്നു മെയിന്‍ റോഡിലെത്തിയത് അറിഞ്ഞില്ല. സുബ്രുവിന്റെ ഓട്ടോ നോക്കി. അവിടെ ഒന്നും കണ്ടില്ല. അറിയുന്ന ആളാവുമ്പോള്‍ പിശകെണ്ടല്ലോ. പിന്നെ കിട്ടിയ ഓട്ടോ വിളിച്ചു ആശുപത്രിയിലേക്ക് പുറപ്പെട്ടു. പുഴക്ക് മീതെ പുതിയ പാലം വന്നിട്ടുണ്ട്. ഇപ്പോള്‍ എളുപ്പവഴിയാണ്. ഉദ്ഘാടനം കഴിഞ്ഞിട്ടില്ലെങ്കിലും കുറച്ചു കാലമായി ഓട്ടോക്കാരൊക്കെ ഓടി തുടങ്ങിയിരുന്നു. ചാര്‍ജും കുറവാണ്. 
പാലമെത്താറായപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു. 'കാര്‍ന്നോരെ, ചാര്‍ജു കൂടീക്കണ് ട്ടാ... നാല്‍പ്പത്തഞ്ചു രൂപ വരും'
'അതെന്താപ്പോ അങ്ങിനെ? കഴിഞ്ഞാഴ്ച ഞാന്‍ പോയതാണല്ലോ മുപ്പത്തഞ്ചു ഉര്‍പ്പ്യക്ക്' കോര്‍മ്മേട്ടന്‍ ചൂടായി. 
'പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു. ഇപ്പോള്‍ പത്തു രൂപ ടോള്‍ കൊടുക്കണം. അതാ ചാര്‍ജു കൂടിയത്.' 
ഡ്രൈവര്‍ വിശദീകരിച്ചു. കോര്‍മ്മേട്ടനു അതൊന്നും മനസ്സിലായില്ല.
'കയ്യിലാകെ മുപ്പത്തഞ്ചു രൂപയെ ഉള്ളൂ. ഇനിയിപ്പൊ എന്താ ചെയ്യാ,,,? കോര്‍മ്മേട്ടന് ബേജാറായി. പിന്നെ പറഞ്ഞു.
'പാലം കടന്നാല്‍ ആശുപത്രി ആയല്ലോ? ഞാന്‍ ഇവിടന്നു നടന്നോണ്ട്.' 
പാലത്തിനു മുന്‍പായി ഓട്ടോ നിറുത്തി. കൈയ്യിലുള്ള മുപ്പത്തഞ്ചു രൂപ ഓട്ടോ ഡ്രൈവര്‍ക്ക് കൊടുത്തു കോര്‍മ്മേട്ടന്‍ വീണ്ടും നടന്നു തുടങ്ങി. 
ടോള്‍ ഗേറ്റ് അടുത്ത് എത്താറായപ്പോള്‍ അതിനടുത്തു കുറച്ചു ചെറുപ്പക്കാര്‍ കൊടിയും പിടിച്ചു ഇരുന്നു മുദ്രാവാക്യം വിളിക്കുന്നു. 
'ടോള്‍ പിന്‍വലിക്കുക'
'ബി.ഒ.ട്ടി നിര്‍ത്തലാക്കുക'
എന്നൊക്കെ അവര്‍ വിളിച്ചു പറയുന്നുണ്ട്. 
കോര്‍മ്മേട്ടന് ഒന്നും മനസ്സിലായില്ല. അയാള്‍ അവരെ തിരിഞ്ഞു നോക്കാതെ നടന്നു കൊണ്ടിരുന്നു. ഊണിനു നേരമായി. ഭക്ഷണം അവര്‍ക്കെത്തിക്കണം. കുഞ്ഞിനെ കാണണം. കോര്‍മ്മേട്ടന് ആശുപത്രിയിലെത്താന്‍ ധൃതിയായി. നടക്കും തോറും കിതച്ചു തുടങ്ങി. ഓര്‍മ്മകളില്‍ നിന്നും നെല്കറ്റയുടെ കൊതിപ്പിക്കുന്ന മണം വരുന്നു. കാലം തിരിച്ചു തരുന്ന അനുഭവങ്ങളുടെ കാഠിന്യത്തില്‍ അയാള്‍ കിതച്ചു കൊണ്ടു നടന്നു...
------------------------------------------

ഖത്തര്‍ സമകാലികത്തില്‍ പ്രസ്സിദ്ധീകരിച്ചത്.